ഫ്രഞ്ച് അംബാസഡറെ പുറത്താക്കാൻ പാക് പാർലമെന്റിൽ പ്രമേയം
Tuesday, April 20, 2021 11:45 PM IST
ഇസ്ലാമാബാദ്: ഫ്രാൻസിലെ ഷാർലി ഹെബ്ദോ മാഗസിൻ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാക്കിസ്ഥാൻ പാർലമെന്റിൽ അവതരിപ്പിച്ചു. ഇതിനുവേണ്ടി ദിവസങ്ങളായി അക്രമാസക്ത സമരം തുടർന്ന തെഹ്രിക് ഇ ലെബ്ബായിക്(ടിഎൽപി) എന്ന തീവ്രപാർട്ടിയുമായി ഇമ്രാൻ ഭരണകൂടം ഉണ്ടാക്കിയ ഒത്തുതീർപ്പു ചർച്ചയിൽ പ്രമേയം അവതരിപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.
ഇന്നലെ ദേശീയ അസംബ്ലിയിൽ ഭരണകക്ഷിയായ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയിലെ അംജദ് അലി ഖാൻ ആണ് പ്രമേയം അവതരിപ്പിച്ചത്. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ ആവിഷ്കാരസ്വാതന്ത്ര്യം എന്നു വിശേഷിപ്പിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് അംബാസഡറെ പുറത്താക്കുന്നതു ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്ന് പ്രമേയത്തിൽ നിർദേശിച്ചു. ഇതിനെത്തുടർന്ന് കമ്മിറ്റി രൂപീകരണത്തിനുള്ള മറ്റൊരു പ്രമേയം പാർലമെന്ററികാര്യമന്ത്രി അലി മുഹമ്മദ് ഖാൻ അവതരിപ്പിച്ചു. ദേശീയ അസംബ്ലി ഇനി വെള്ളിയാഴ്ചയാണു ചേരുക. പ്രമേയങ്ങളിൽ തുടർചർച്ചകൾ അപ്പോൾ നടക്കും.
ടിഎൽപി നേതാക്കൾക്കെതിരേ എടുത്തിട്ടുള്ള കേസുകൾ റദ്ദാക്കാമെന്നും ഇമ്രാൻ ഭരണകൂടം സമ്മതിച്ചിട്ടുണ്ട്.
അതേസമയം, തിങ്കളാഴ്ച രാത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഫ്രഞ്ച് പ്രതിനിധിയെ പുറത്താക്കുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചു മുന്നറിയിപ്പു നല്കിയിരുന്നു. പാക്കിസ്ഥാന്റെ കയറ്റുമതിയിൽ പകുതിയും യൂറോപ്യൻ രാജ്യങ്ങളിലേക്കാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.