ഈസ്റ്റർദിന സ്ഫോടനങ്ങളുടെ സ്മരണയിൽ ശ്രീലങ്ക
Tuesday, April 20, 2021 11:45 PM IST
കൊളംബോ: ഈസ്റ്റർദിന സ്ഫോടനപരന്പരയുടെ നടുക്കുന്ന ഓർമകൾക്ക് ഇന്നു രണ്ടു വയസ്. 2019 ഏപ്രിൽ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റർ ഞായർ ശുശ്രൂഷകൾ നടക്കുകയായിരുന്ന മൂന്നു പള്ളികളിലും നടന്ന സ്ഫോടനങ്ങളിൽ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്കു പരിക്കേറ്റു. ലങ്കയിലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് ആണ് ആക്രമണം നടത്തിയത്.
കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിൽ രാവിലെ 8.45നാണ് ആദ്യസ്ഫോടനമുണ്ടായത്. ഇന്ന് അതേസമയത്ത് ക്രൈസ്തവർ രണ്ടു മിനിട്ട് മൗനം ആചരിക്കണമെന്ന് കൊളംബോ ആർച്ച് ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്ത് നിർദേശിച്ചു. സെന്റ് ആന്റണീസ് പള്ളിയിലെ അനുസ്മരണ ശുശ്രൂഷകൾക്ക് കർദിനാൾ നേതൃത്വം നല്കും.
കർദിനാളിന്റെ ആഹ്വാനമനുസരിച്ച് മുസ്ലിംകളും മൗനം ആചരിക്കണമെന്ന് മുസ്ലിം കൗൺസിൽ ഓഫ് ശ്രീലങ്ക നിർദേശിച്ചു. രാജ്യത്തെ എല്ലാ പള്ളികൾക്കും ഇന്നു പ്രത്യേക സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു.