വംശീയകലാപം തുടരുന്നു; സുഡാനിൽ മരണം 250 കടന്നു
Sunday, January 24, 2021 12:11 AM IST
കെയ്റോ: പശ്ചിമ സുഡാനിലെ ദാർഫുർ പ്രവിശ്യയിൽ വംശീയകലാപത്തിൽ 250 ലേറെ പേർ മരിച്ചതായി യുഎൻ. ഈ മാസം ആദ്യം പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടർന്ന് ഒരുലക്ഷത്തോളം ആളുകൾ പലായനം ചെയ്തതായും യുഎൻ അഭയാർഥി സംരക്ഷണ വിഭാഗം അറിയിച്ചു.
ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3,500 ഒാളം പേർ സമീപരാജ്യമായ ചാഡിലേക്ക് നീങ്ങിയതായി യുഎൻ അഭയാർഥി സംരക്ഷണവിഭാഗം വക്താവ് ബോറിസ് ചെഷിർകോവ് അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അഭയാർഥികളെ പുനരധിവസിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ഇപ്പോൾത്തന്നെ ചാഡിൽ 350,000 ത്തോളം സുഡാൻകാർ അഭയാർഥികളായി കഴിയുന്നുണ്ട്. ഈ വർഷം ആദ്യം ഒരു ആട്ടിടയൻ കൊല്ലപ്പെട്ടതാണു മേഖലയെ സംഘർഷത്തിലേക്കു തള്ളിവിട്ടത്.