യുഎസ് കാപ്പിറ്റോൾ കലാപം: മരണം അഞ്ചായി
Saturday, January 9, 2021 1:01 AM IST
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ കാപ്പിറ്റോളിൽ നടത്തിയ കലാപത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ യുഎസ് കോണ്‍ഗ്രസിന്റെ സെനറ്റ്-പ്രതിനിധി സഭ സംയുക്ത സമ്മേളനം ചേരുന്നതിനിടെയാണ് പാർലമെന്റ് മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറിയത്.
ആക്രമണത്തിൽ പരിക്കേറ്റ കാപ്പിറ്റോൾ പോലീസ് ഓഫീസർ ബ്രിയാൻ ഡി. സിക്നിക് വ്യാഴാഴ്ച മരിച്ചതായി പോലീസ് അറിയിച്ചു. ഒരു സ്ത്രീയുൾപ്പെടെ നാലു പേർ ബുധനാഴ്ച മരിച്ചിരുന്നു.
ഇതിനിടെ, കാപ്പിറ്റോൾ കലാപത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ അറിയിക്കണമെന്ന് എഫ്ബിഐ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കലാപത്തിന്റെ ദൃശ്യങ്ങളും വീഡിയോ ക്ലിപ്പുകളും പോലീസിന് അയച്ചു നൽകണമെന്നാണ് ആവശ്യം.
കലാപത്തിൽ പങ്കെടുത്ത 68 പേരെ വാഷിംഗ്ടണ്‍ ഡിസിയിൽനിന്ന് അറസ്റ്റ് ചെയ്തു. കലാപകാരികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതു സംബന്ധിച്ച് നീതിന്യായവകുപ്പ് പിന്നീട് തീരുമാനമെടുക്കും. സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്ന ചിത്രത്തിന്റെ അടിസ്ഥാനത്തിൽ കലാപത്തിൽ പങ്കെടുത്ത ജീവനക്കാരനെ നേവിസ്റ്റാർ കന്പനി പുറത്താക്കി. ഡയറക്ട് മാർക്കറ്റിംഗ് കന്പനിയുടെ ഐഡന്റിറ്റി കാർഡ് കഴുത്തിലിട്ടാണ് ഇയാൾ കാപ്പിറ്റോൾ മന്ദിരത്തിൽ കയറി അതിക്രമങ്ങൾ നടത്തിയത്.