ജര്‍മനിയില്‍ ‘നരഭോജി’അറസ്റ്റിൽ
Saturday, November 21, 2020 11:57 PM IST
ബര്‍ലിന്‍: മനുഷ്യമാംസം ഭക്ഷിച്ചെന്ന സംശയത്തിൽ സ്റ്റെഫാൻ ആർ.(41) എന്ന സ്കൂൾ അധ്യാപകൻ ജർമൻ തലസ്ഥാനമായ ബർലിനിൽ അറസ്റ്റിലായി. ലൈംഗിക വൈകൃതത്തിന്റെ ഭാഗമായി കൊല നടത്തി മാംസം ഭക്ഷിച്ചെന്നാണു കേസ്.
നവംബര്‍ എട്ടിന് ബര്‍ലിന്റെ വടക്കുഭാഗത്തുള്ള വനത്തില്‍ മനുഷ്യാസ്ഥികള്‍ കണ്ടെത്തിയതി നെത്തുടര്‍ന്നുള്ള അന്വേഷണമാണ് നരഭോജിയിലേക്ക് എത്തിയത്. സെപ്റ്റംബർ അഞ്ചിനു കാണാതായ സ്റ്റെഫാന്‍ ടി. എന്ന നാല്പത്തിനാലുകാരന്റേതാണ് അസ്ഥികളെന്നു തിരിച്ചറിഞ്ഞു. പോലീസ് നായയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഗണിതശാസ്ത്ര അധ്യാപകനായ സ്റ്റെഫാൻ ആർ. കുടുങ്ങുകയായിരുന്നു.
കണ്ടെത്തിയ അസ്ഥികളില്‍ തരിമ്പുപോലും മാംസം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ക്രൂരമായ ലൈംഗികപീഡനത്തിനുശേഷം കൊലപ്പെടുത്തി മാംസം ഭക്ഷിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇന്റര്‍നെറ്റിലൂടെയാണ് പ്രതി ഇരയെ പരിചയപ്പെട്ടത്. ഞെട്ടിക്കുന്ന കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
2002-ല്‍ ജര്‍മനിയില്‍ ഇത്തരമൊരു സംഭവം നടന്നിരുന്നു. സുഹൃത്തിനെ കൊന്നു ഫ്രീസറിൽ സൂക്ഷിച്ച നാല്പതുകാരനാണ് അറസ്റ്റിലായത്. ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.
ജോസ് കുമ്പിളുവേലില്‍