സുഗെ ജപ്പാൻ പ്രധാനമന്ത്രി
Wednesday, September 16, 2020 10:52 PM IST
ടോക്കിയോ: മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ഉറ്റ അനുയായി യോഷിഹിതെ സുഗെയെ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതാവായി തിങ്കളാഴ്ച സുഗെയെ തെരഞ്ഞെടുത്തതോടെ അദ്ദേഹം പ്രധാനമന്ത്രിപദം ഉറപ്പിച്ചിരുന്നു. ആബേ സർക്കാരിൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായ സുഗെയുടെ നേതൃത്വത്തിൽ മന്ത്രിസഭയും നിലവിൽവന്നു.
കർഷകന്റെ മകനായി ജനിച്ച് സ്വപ്രയത്നത്താൽ വളർന്ന താൻ സാധാരണക്കാരുടെയും ഗ്രാമീണജനതയുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് സുഗെ വ്യക്തമാക്കി. ആബേ സർക്കാർ തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുപുറമേ കോവിഡ് മൂലം പ്രതിസന്ധിയിലായ സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുഗയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ജനങ്ങൾ പൂർണപിന്തുണ നൽകണമെന്ന് സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ഷിൻസോ ആബേ ആവശ്യപ്പെട്ടു.