നേപ്പാൾ: ഒലിയെക്കൂട്ടാതെ പാർട്ടി യോഗം
Wednesday, July 29, 2020 12:21 AM IST
കാഠ്മണ്ഡു: പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെക്കൂട്ടാതെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി) സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നു. എൻസിപി ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ പുഷ്പ കമാൽ ദഹാലും (പ്രചണ്ഡയും) ഒലിയും തമ്മിലുള്ള തർക്കമാണ് ഇതിനു കാരണം. ഇന്നലെ രാവിലെ 11ന് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം കൂടാൻ നേരത്തെ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ഒലി യോഗം മാറ്റിവച്ചു.
ഒലിയും പ്രചണ്ഡയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗം മാറ്റിവച്ചതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ഗണേഷ് ഷാ പറഞ്ഞു. യോഗം മാറ്റിവച്ചതായി പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സൂര്യ താപ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇതേസമയം, സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനായി പ്രചണ്ഡയും അനുകൂലികളും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയിരുന്നു. ഒലി യോഗത്തിൽനിന്ന് പിൻമാറിയെങ്കിലും പ്രചണ്ഡയുടെ നേതൃത്വത്തിൽ 31 അംഗങ്ങൾ വൈകുന്നേരം മൂന്നോടെ സ്റ്റാൻഡിംഗ് കമ്മിറ്റിയോഗം ചേർന്നു.