ഒമാനിൽ പോലീസ് സേവനങ്ങൾ ജൂലൈ ഒന്നിന് പുനഃസ്ഥാപിക്കും
Thursday, June 25, 2020 12:21 AM IST
മസ്കറ്റ്: കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ക് ഡൗണ്‍ നിമിത്തം നിർത്തി വച്ചിരുന്ന റോയൽ ഒമാൻ പോലീസിന്റെ സേവനങ്ങൾ ജൂലൈ ഒന്നിന് പുനഃസ്ഥാപിക്കും. വിദേശികൾ ഉൾപ്പെടെയുള്ളവരുടെ റെസിഡന്റ് കാർഡുകൾ, വാഹന ലൈസൻസ്, വാഹനങ്ങളുടെ രജിസ്ട്രേഷൻ, സ്വദേശികൾക്കുള്ള പാസ്പോർട്ട് സേവനങ്ങൾ തുടങ്ങിയ സേവനങ്ങളാണ് റോയൽ ഒമാൻ പോലീസ് (ആർഒപി) നൽകിവരുന്നത്.
മൂന്നു മാസങ്ങളായി നിർത്തിവച്ചിരുന്ന സേവനങ്ങൾ പുനരാരംഭിക്കുന്നത് കനത്ത സുരക്ഷാ മുൻകരുതലോടെയായിരിക്കുമെന്ന് ആർഒപി വക്താവ് പറഞ്ഞു. കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ടു രൂപം കൊടുത്ത ഉന്നതാധികാര സമിതിയായ സുപ്രീം കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ഇന്നലെ മസ്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടെ 56 തരം കച്ചവടസ്ഥാപനങ്ങൾ തുറന്നു. ഒമാനിലെ വൈറസ് ബാധിതരുടെ ആകെ എണ്ണം 33536 ആണ്. ഇതിൽ 17972 പേർ രോഗ മുക്തരായി.
സേവ്യർ കാവാലം