ഭൂകന്പത്തിൽ കുലുങ്ങാതെ ടിവി അഭിമുഖവുമായി ജസീന്ത
Tuesday, May 26, 2020 12:31 AM IST
വെല്ലിംഗ്ടൺ: ഭൂമികുലുക്കത്തിലും കുലുങ്ങാതെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേണിന്റെ തത്സമയ ടിവി ഇന്റർവ്യൂ. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ജസീന്താ ഒരു ടിവി ചാനലിന് അഭിമുഖം നൽകുന്പോഴാണ് ഭൂകന്പമാപിനിയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. കെട്ടിടങ്ങൾ കുലുങ്ങുകയും ഷെൽഫിൽനിന്നു സാധനങ്ങൾ മറിഞ്ഞുവീഴുകയും ചെയ്തു. ട്രെയിൻ സർവീസ് നിർത്തിവച്ചു.
തലസ്ഥാനമായ വെല്ലിംഗ്ടണിലെ പാർലമെന്റ് സമുച്ചയത്തിലെ ബീഹൈവ് മന്ദിരത്തിൽ നിന്നാണ് ജസീന്താ ടിവി ചാനലിലെ ആതിഥേയൻ റയാൻ ബ്രിഡ്ജുമായി സംസാരിച്ചത്.
റയാൻ ഇവിടെ ഭുമി കുലുങ്ങുകയാണ്. ഏതായാലും ഞാൻ ഇരിക്കുന്നത് തൂക്കുവിളക്കിനു താഴെയല്ല. അതിനാൽ ആപത്തില്ല- ആർഡേൺ പറഞ്ഞു. തുടർന്ന് അഭിമുഖം തുടരുകയും ചെയ്തു.
ഭൂകന്പസാധ്യത മേഖലയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് ന്യൂസിലൻഡ്. ഇവിടത്തെ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ 2011ൽ ഉണ്ടായ ഭൂകന്പത്തിൽ 185 പേർക്കു ജീവഹാനി നേരിടുകയുണ്ടായി.