അയർലൻഡിൽ ഹോട്ടലുകൾ പരിശോധനാ മുറികളാക്കി
Monday, March 30, 2020 11:49 PM IST
ഡബ്ലിൻ: അയർലൻഡിൽ 20 മില്യണ്‍ യൂറോയുടെ പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ്സ് എത്തി. ചൈനയിലെ ബെയിജിംഗിൽനിന്ന് എയർ ലിംഗസ് വിമാനത്തിലാണ് മാസ്കുകൾ, ഗോഗിളുകൾ, ഗ്ലൗസുകൾ എന്നിവയും ടെസ്റ്റിംഗ് കിറ്റുകളും എത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ വേറെ ഒന്‍പതു വിമാനങ്ങളിലായി കൂടുതൽ പിപിഇ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അയർലൻഡിൽ രോഗബാധിതരുടെ എണ്ണം 2500 കവിഞ്ഞു. അഞ്ഞൂറോളം ആരോഗ്യ പ്രവർത്തകർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. ഇരുനൂറോളം മലയാളി നഴ്സുമാർ വീടുകളിൽ ക്വാറന്റൈനിലാണ്. അയർലൻഡിൽ അയ്യായിരത്തിലധികം മലയാളി നഴ്സുമാർ ജോലിചെയ്യുന്നുണ്ട്. ഹെൽത്ത് കെയർ വർക്കർമാരായി രണ്ടായിരം പേർ വേറെയും ജോലി ചെയ്യുന്നു.
പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും കർശന നിയന്ത്രണം ഇല്ലാതിരുന്നതിനാൽ സോഷ്യൽ ഗാതറിംഗ് വലിയ മാറ്റമില്ലാതെ തുടർന്നിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നു ഗാർഡ് കമ്മീഷണർ അറിയിച്ചു.
രാജ്യത്ത് 15,000 പേർ കോവിഡ് പരിശോധനയ്ക്കായി കാത്തിരിക്കുന്നുണ്ട്. ഇതിനായി രാജ്യത്തെ വിവിധ ഹോട്ടലുകളിൽ പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിന്റെ ആദ്യപടിയായി സിറ്റി വെസ്റ്റ് കണ്വൻഷൻ സെന്ററിലെ 750 മുറികൾ സജ്ജമാക്കി. കൂടാതെ ഹോട്ടൽ മുറികളിൽ ആവശ്യാനുസരണം ക്വാറന്റൈൻ സൗകര്യം സജ്ജമാക്കും.
രാജു കുന്നക്കാട്ട്