ജർമൻ ബാറുകളിൽ വെടിവയ്പ്; ഒന്പതു മരണം
Thursday, February 20, 2020 11:11 PM IST
ഫ്രാങ്ക്ഫർട്ട്: പടിഞ്ഞാറൻ ജർമനിയിലെ രണ്ടു ഹുക്കാ ബാറുകളിൽ വലതുപക്ഷ തീവ്രവാദി നടത്തിയ വെടിവയ്പിൽ ഒന്പതു പേർ കൊല്ലപ്പെട്ടു. തോബിയാസ് ആർ(43) എന്ന ജർമൻ പൗരനായ അക്രമിയെ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
സംഭവത്തെ തീവ്രവാദ ആക്രമണമായിട്ടാണ് ജർമൻ പോലീസ് കണക്കാക്കുന്നത്. കൂട്ടംകൂടിയിരുന്നു ഹുക്കാ വലിക്കാൻ സൗകര്യമുള്ള ബാറുകളിൽ കൊല്ലപ്പെട്ട ചിലർ തുർക്കി വംശജരാണ്.
ഫ്രാങ്ക്ഫർട്ടിൽനിന്ന് 25 കിലോമീറ്റർ കിഴക്കുള്ള ഹാനൗവിൽ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. നഗരമധ്യത്തിലുള്ള മിഡ്നൈറ്റ് ബാറിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. മണിയടിച്ചപ്പോൾ വാതിൽ തുറന്നവരെ അക്രമി വെടിവച്ചു വീഴ്ത്തി. കാറിൽ രക്ഷപ്പെട്ട് രണ്ടര കിലോമീറ്റർ അകലെയുള്ള അറീന എന്ന മറ്റൊരു ബാറിലും വെടിവയ്പ്പു നടത്തി. അഞ്ചു പേർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഒന്നിലധികം അക്രമികളുണ്ടെന്ന സംശയത്തിൽ പോലീസ് വ്യാപക തെരച്ചിൽ നടത്തി. ഏഴു മണിക്കൂറിനുശേഷം അക്രമിയെ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇയാളുടെ 72 വയസുള്ള അമ്മയുടെ മൃതദേഹവും സമീപത്തുണ്ടായിരുന്നു. അമ്മയെ വധിച്ചശേഷം ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നു.
അക്രമിക്ക് തോക്ക് ലൈസൻസ് ഉണ്ടായിരുന്നെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തോക്കു നിയമങ്ങൾ ഏറ്റവും കർശനമായ രാജ്യങ്ങളിലൊന്നാണ് ജർമനി.
കുടിയേറ്റക്കാരെ എതിർക്കുന്ന തീവ്രദേശീയവാദ സംഘടനകളുമായി അക്രമിക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ആക്രമണത്തെ അപലപിച്ച ജർമൻ ചാൻസലർ ആംഗല മെർക്കൽ വംശീയവാദം വിഷമാണെന്ന് പറഞ്ഞു.
വംശീയ വിദ്വേഷം കാൻസറാണെന്നും ജർമനി സമഗ്ര അന്വേഷണം നടത്തണമെന്നും തുർക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലിൻ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ജർമനിയിലെ ഹാല്ലെയിൽ ഒരു വലതുപക്ഷ തീവ്രവാദി സിനഗോഗിൽ അതിക്രമിച്ചു കയറി രണ്ടു ജൂതരെ വധിച്ചിരുന്നു. കുടിയേറ്റത്തെ പിന്തുണച്ച രാഷ്ട്രീയ നേതാവ് വാൾട്ടർ ലുബ്കെയെ ജൂണിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും വലതുപക്ഷ തീവ്രവാദിയാണ് അറസ്റ്റിലായത്.