11 സൈനികർക്കു പരിക്കേറ്റെന്നു യുഎസ് സമ്മതിച്ചു
Friday, January 17, 2020 11:57 PM IST
വാഷിംഗ്ടൺ ഡിസി: സുലൈമാനി വധത്തിനു പ്രതികാരമായി കഴിഞ്ഞയാഴ്ച ഇറാക്കിലെ രണ്ടു യുഎസ് സൈനികതാവളങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ 11 യുഎസ് ഭടന്മാർക്കു പരിക്കേറ്റു.
യുഎസ് സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ സമ്മതിച്ചതാണ് ഇക്കാര്യം. പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തിനു വിരുദ്ധമാണ് ഈ പ്രസ്താവന.ഇറാൻ ഭരണകൂടം ജനുവരി എട്ടിനു നടത്തിയ ആക്രമണത്തിൽ ഒറ്റ സൈനികനു പോലും പരിക്കേറ്റിട്ടില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്.
അൽ അസാദ് വ്യോമത്താവളത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ ആർക്കും ജീവാപായമുണ്ടായില്ലെന്നും എന്നാൽ, നിരവധി പേർക്ക് പരിക്കേറ്റെന്നും യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ അർബൻ വ്യക്തമാക്കി. എട്ടു പേർ ജർമനിയിലും കുവൈറ്റിലുമായി ചികിത്സ തേടിയിട്ടുണ്ട്. സുഖം പ്രാപിച്ചശേഷം ഇവർ ഇറാക്കിൽ തിരിച്ചെത്തുമെന്നാണു കരുതപ്പെടുന്നത്.