ലേബർ പാർട്ടിയുടെ നേതൃപദവിയിലേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജ
Monday, December 16, 2019 12:29 AM IST
ലണ്ടൻ: ബ്രിട്ടീഷ് ലേബർ പാർട്ടി നേതൃത്വത്തിലേക്കു മത്സരിക്കാൻ ഇന്ത്യൻ വംശജയായ എംപി ലിസാ നന്ദി തയാറെടുക്കുന്നു. ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്നു ജറമി കോർബിൻ നേതൃപദവി ഒഴിയുകയാണന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലിസാ രംഗത്തെത്തിയത്. കോർബിൻ അടുത്തവർഷമാദ്യം രാജിവയ്ക്കുമെന്നു കരുതുന്നു.
വടക്കുപടിഞ്ഞാറൻ ഇംഗ്ളണ്ടിലെ വിഗാൻ സീറ്റിൽനിന്നാണ് നാല്പതുകാരിയായ ലിസാ ജയിച്ചത്. ലേബറിന്റെ പല സുശക്ത സീറ്റുകളും ജോൺസന്റെ പാർട്ടിയുടെ പടയോട്ടത്തിൽ തകർന്ന സാഹചര്യത്തിൽ ലിസായുടെ വിജയത്തിന് ഏറെ തിളക്കമുണ്ട്.ലേബർ പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഏറെ ദയനീയമാണെന്ന് ലിസാ പറഞ്ഞു.
ലേബറിനെ കൈവിട്ട് കൺസർവേറ്റീവുകൾക്ക് വോട്ടു ചെയ്തവരെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നാണ് ആലോചിക്കേണ്ടത്. ഈ സാഹചര്യത്തിൽ നേതൃപദവിയിലേക്കു മത്സരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ലിസാ ബിബിസിയോടു പറഞ്ഞു. ലിസായുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് ബ്രിട്ടീഷുകാരിയുമാണ്.
കീർ സ്റ്റാർമർ, ജെസ് ഫിലിപ്സ് എന്നിവരുടെ പേരും നേതൃത്വത്തിലേക്കു പറഞ്ഞു കേൾക്കുന്നുണ്ട്. കോർബിനിസ്റ്റുകളുടെ സ്ഥാനാർഥി സാൽഫോർഡ് എംപി റെബേക്കാ ലോംഗ് ബെയിലിയാണ്.
സൺഡേ മിററിലും ഒബ്സർവറിലും എഴുതിയ ലേഖനങ്ങളിൽ ലേബർ പാർട്ടിയുടെ തോൽവിയുടെ പേരിൽ ജറമി കോർബിൻ മാപ്പു പറഞ്ഞു. പാർട്ടിക്ക് ഇത്തവണ 59 എംപിമാരാണു കുറഞ്ഞത്. 1935നുശേഷം ഇത്രയും വലിയ തോൽവി ആദ്യമാണ്. ബ്രെക്സിറ്റിന്റെ പേരിൽ ഭിന്നതയുണ്ടായതും മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തിയതുമാണു തോൽവിക്കിടയാക്കിയതെന്നും കോർബിൻ ചൂണ്ടിക്കാട്ടി.