താലിബാൻ നേതൃത്വം റഷ്യൻ പ്രതിനിധിയുമായി ചർച്ച നടത്തി
Saturday, September 14, 2019 11:01 PM IST
മോസ്കോ: അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് താലിബാൻ പ്രതിനിധികൾ മോസ്കോയിലെത്തി റഷ്യയുമായി ചർച്ച നടത്തി. യുഎസും താലിബാനും തമ്മിലുള്ള സമാധാന ചർച്ച അവസാനിച്ചുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു ദിവസങ്ങൾക്കകമാണിത്.
റഷ്യയുടെ പ്രത്യേക അഫ്ഗാൻ പ്രതിനിധി സമീർ കാബുലോവുമായിട്ടായിരുന്നു വെള്ളിയാഴ്ച ചർച്ചയെന്ന് താലിബാന്റെ ഖത്തറിലെ വക്താവ് സുഹെയ്ൽ ഷഹീൻ അറിയിച്ചു. യുഎസുമായി ചർച്ച പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ കാബുലോവ് ശ്രമിച്ചതായി റഷ്യയിലെ താസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനു തയാറാണെന്ന് താലിബാൻ സംഘവും അറിയിച്ചു.
പതിനെട്ടു വർഷമായി തുടരുന്ന അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടോബറിലാണ് താലിബാനുമായി യുഎസ് ചർച്ച ആരംഭിച്ചത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഒന്പതു വട്ടം ചർച്ച നടന്നു.
സമാധാന ധാരണ തത്വത്തിൽ ആയെന്ന് യുഎസ് പ്രതിനിധി സൽമയ് ഖലീൽസാദ് ഈ മാസം ആദ്യം അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ട്രംപ് അപ്രതീക്ഷിതമായി ചർച്ചകളെല്ലാം അവസാനിച്ചതായി പ്രഖ്യാപിച്ചു. കാബൂളിൽ നടന്ന കാർബോംബ് ആക്രമണത്തിനു പിന്നാലെയായിരുന്നു ട്രംപിന്റെ അറിയിപ്പ്.