ബോൾട്ടനെ ട്രംപ് പുറത്താക്കി
Tuesday, September 10, 2019 11:34 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ യുഎസ് പ്രസിഡന്റ് ട്രംപ് ഡിസ്മിസ് ചെയ്തു. അഫ്ഗാനിസ്ഥാൻ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളെ സംബന്ധിച്ചുള്ള നയങ്ങളിൽ ട്രംപും ബോൾട്ടനും തമ്മിൽ ഭിന്നതയിലായിരുന്നു.
ഇറാനെയും ഉത്തരകൊറിയയെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് ബോൾട്ടൻ പറഞ്ഞിരുന്നു. എന്നാൽ കിം ജോംഗ് ഉന്നുമായി ട്രംപ് ഏറെ അടുപ്പത്തിലായിരുന്നു. ഇറാൻ പ്രസിഡന്റ് റുഹാനിയുമായി ചർച്ചയ്ക്ക് ട്രംപ് തയാറായെങ്കിലും റുഹാനി ഇത് അവഗണിക്കുകയായിരുന്നു. ഉപരോധം പിൻവലിച്ചിട്ടാവും ചർച്ചയെന്നായിരുന്നു റുഹാനിയുടെ നിലപാട്. ബോൾട്ടന്റെ സേവനം വൈറ്റ്ഹൗസിന് ആവശ്യമില്ലെന്നു താൻ അറിയിച്ചെന്നു ട്രംപ് പറഞ്ഞു. ഇന്നലെ രാവിലെ അദ്ദേഹം രാജിക്കത്തു നൽകി. പുതിയ ആളെ അടുത്തയാഴ്ച നിയമിക്കുമെന്നും ട്രംപ് അറിയിച്ചു.