ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും ഈസ്റ്റർദിനത്തിൽ സ്ഫോടന പരന്പര; 215 മരണം
Monday, April 22, 2019 12:42 AM IST
കൊളംബോ: ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ മൂന്നു ക്രിസ്ത്യൻ പള്ളികൾ, ആഡംബര ഹോട്ടലുകൾ,പാർപ്പിട സമുച്ചയം എന്നിങ്ങനെ എട്ടിടത്തു നടന്ന സ്ഫോടനങ്ങളിൽ 215 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയും ഉൾപ്പെടുന്നു.
കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോൻ പ്രോട്ടസ്റ്റന്റ് പള്ളി എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ 8.45ന് ഈസ്റ്റർ തിരുക്കർമങ്ങ ൾക്കിടെയായിരുന്നു സ്ഫോടനം. കൊളംബോയിലെ ഷാംഗ്രി-ലാ, സിനമൺ ഗ്രാൻഡ്, കിംഗ്സ്ബറി ഹോട്ടലുകളി ൽ ഇന്നലെ രാവിലെ ഒന്പതോടെയാണു സ്ഫോടനമുണ്ടായത്.
സിനമൺ ഗ്രാൻഡ് ഹോട്ടലിൽ ചാവേർ സ്ഫോടനമാണു നടന്നത്. ശ്രീലങ്ക ൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് സിനമൺ ഗ്രാൻഡ് ഹോട്ടൽ.ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തതായി പ്രധാനമന്ത്രി വിക്രമസിംഗെ പറഞ്ഞു.ഇന്നലെ വൈകുന്നേരം കൊളംബോയിൽ രണ്ടിടത്തുകൂടി സ്ഫോടനമുണ്ടായി.
മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കൻ പൗരത്വമുള്ള മലയാളി വീട്ടമ്മയും കൊല്ലപ്പെട്ടു
സ്ഫോടനത്തിൽ മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയും മരിച്ചു. ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണു മരിച്ച ഇന്ത്യക്കാർ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. കാസർഗോഡ് മൊഗ്രാൽപുത്തൂർ സ്വദേശിനി പി.എസ്. റസീന ആണു കൊല്ലപ്പെട്ട മലയാളി.
33 വിദേശികൾ
കൊല്ലപ്പെട്ടവരിൽ ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ചൈന, പോളണ്ട്, ഡെന്മാർക്ക്, ജപ്പാൻ, പാക്കിസ്ഥാൻ, മൊറോക്കോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനി ന്നുള്ളവർ ഉൾപ്പെടെ 33 വിദേശികളുമുണ്ടെന്നു ശ്രീലങ്കൻ മന്ത്രി ഹർഷ ഡിസിൽവ പറഞ്ഞു. 12 പേരെ തിരിച്ചറിഞ്ഞു.