പറയാനുള്ളത് പാർട്ടി വേദികളിൽ പറയും; നടപടി അംഗീകരിക്കുന്നു: പി.പി. ദിവ്യ
Sunday, November 10, 2024 1:03 AM IST
കണ്ണൂര്‍: പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.പി. ദിവ്യ. ജയിലിൽ കിടക്കുന്പോൾ പാർട്ടി നടപടിയെടുത്തതിൽ നേതാക്കളോട് ദിവ്യ അതൃപ്തി പ്രകടിപ്പിച്ചെന്നും തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയാറാകാതെയാണ് നടപടി സ്വീകരിച്ചതെന്ന് പറഞ്ഞതായുമുള്ള വാർത്തകൾ വന്നതിനു തൊട്ടുപിന്നാലെയായിരുന്നു ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും തന്റേതെന്ന പേരില്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്.
ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: എന്റെപ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല.
മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെത്തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചുവന്ന രീതി, അത് തുടരും. എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു.
എന്റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർഥിക്കുന്നു. അതിനിടെ, ജനങ്ങള്‍ക്കു മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പി.പി. ദിവ്യ പറഞ്ഞു. എല്ലാ സത്യങ്ങളും പുറത്തുവരണം.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. താനും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരും. ജയില്‍മോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്നു വിചാരിച്ചതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായിട്ടുണ്ട്. സമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന ഒട്ടേറെ വാര്‍ത്തകള്‍ നല്കി. വിമര്‍ശനങ്ങള്‍ ആകാം.
എന്നാല്‍ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങള്‍ മുന്നോട്ടുവന്നത്. അതില്‍ പ്രയാസമുണ്ട്.
പത്തു ദിവസത്തെ ജയില്‍വാസത്തിൽ വലിയ അനുഭവമാണ് ഉണ്ടായതെന്ന് ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന നീതി അവര്‍ക്കു ലഭിക്കണം. നിയമപോരാട്ടം നടത്തും. നല്ല സൗഹൃദം നിരവധി ഉദ്യോഗസ്ഥരുമായുണ്ട്.
തീവ്രവാദികളെ പിടിച്ചുകൊണ്ടുപോകുന്നപോലെയോ പത്ത് നാനൂറ് കൊലപാതകം ചെയ്തയാളെ കൊണ്ടുപോകുന്നതുപോലെയോ ആണ് തന്നെ കൊണ്ടുപോയത്. വിമര്‍ശനങ്ങളില്‍നിന്ന് കരുത്തുകിട്ടി. ജീവിതത്തില്‍ തിരുത്താന്‍ ഉണ്ടെങ്കില്‍ തിരുത്തും. ജനങ്ങള്‍ക്കുവേണ്ടി, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകയായി സിപിഎമ്മിനൊപ്പം ഉണ്ടാകും.
കൂടെയുള്ളവരില്‍ ചിലരും എന്നെ തെറ്റിദ്ധരിച്ചു. അവര്‍ക്കു മുന്നില്‍ നിരപരാധിത്വം തെളിയിക്കും. അത് തെളിയുമെന്ന ആത്മവിശ്വാസമുണ്ട്. കുടുംബം ശക്തിയോടുകൂടി നില്‍ക്കുന്നതാണ് ശക്തി പകരുന്നത്.
ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട ആരോപണങ്ങളാണ് ഇപ്പോൾ ഉണ്ടായത്. അതെല്ലാം അതിജീവിച്ച് ഇപ്പോള്‍ നില്‍ക്കുന്നത് വിശ്വാസവും സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെന്ന് ദിവ്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.