തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ: മൂന്നു പദ്ധതികളാക്കി വിഭജിച്ച് നടപ്പിലാക്കും
Sunday, October 12, 2025 1:31 AM IST
കൊല്ലം: ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ മൂന്നു പ്രത്യേക പദ്ധതികളാക്കി വിഭജിച്ച് നടത്തിപ്പ് വേഗത്തിലാക്കാൻ റെയിൽവേ ബോർഡ് തീരുമാനം. മൊത്തം പദ്ധതിച്ചെലവ് ഇതോടെ മൂന്നായി വിഭജിക്കും.
ഇതനുസരിച്ച് അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള 14 കിലോമീറ്റർ പാത ഇരട്ടിപ്പിക്കുന്നത് ആദ്യഘട്ടമായി ഏറ്റെടുക്കും. ജനുവരിയോടെ ഡിപിആർ പൂർത്തിയാക്കുമെന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന അവലോകന യോഗത്തിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചത്.
കരുനാഗപ്പള്ളി മുതൽ തുറവൂർ വരെയുള്ള ലോക്സഭാ മണ്ഡലത്തിലെ ഏഴു പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഉന്നതതല റെയിൽവേ ഉദ്യോഗസ്ഥ സംഘം സന്ദർശനവും നടത്തി.
കരുനാഗപ്പള്ളിയിൽ കഴിഞ്ഞമാസം അനുവദിച്ച ആറു കോടി രൂപയുടെ വികസന പദ്ധതികൾക്കായുള്ള എസ്റ്റിമേറ്റ് ഉടൻ പൂർത്തിയാകും. ടെൻഡർ നടപടികൾ പൂർത്തിയാക്കി നവംബറോടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.
രണ്ടു ലിഫ്റ്റുകൾക്ക് അനുമതിയായി. പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, കാത്തിരിപ്പുമുറികൾ, അംഗപരിമിതർക്കുള്ള ശൗചാലയങ്ങൾ, പുതിയ റിസർവേഷൻ കൗണ്ടർ എന്നിങ്ങനെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഉടൻ സജ്ജീകരിക്കും.
സ്റ്റേഷനു കിഴക്കുവശത്തെ നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വൃത്തിയാക്കി രണ്ടാമത്തെ പാർക്കിംഗ് ഗ്രൗണ്ടാക്കി ക്രമീകരിക്കാൻ നിർദേശം നൽകി. ഇതിനാവശ്യമായ തുക ഉടൻ അനുവദിക്കും.
സ്റ്റേഷൻ കെട്ടിട പുനർനിർമാണമടക്കം എല്ലാ നിർമാണപ്രവർത്തനങ്ങളും വരുന്ന ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഓച്ചിറയിൽ നടന്നുവരുന്ന ഫുട് ഓവർ ബ്രിഡ്ജ് നിർമാണം രണ്ടു മാസത്തിനകം പൂർത്തിയാക്കുമെന്നും റെയിൽവേ ഉറപ്പു നൽകി. ഇടക്കുളങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള തടസങ്ങൾ നീക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.