വിദേശ ജോലിയുടെ പേരിൽ തട്ടിപ്പ് ; കാസിൽഡ എഡ്യുക്കേഷൻ ഓവർസീസ് ഡയറക്ടറുടെ മുൻകൂർ ജാമ്യം തള്ളി
Tuesday, October 15, 2024 1:29 AM IST
തൃശൂർ: വിദേശത്തു ജോലി വാഗ്ദാനംചെയ്തു കോടികൾ തട്ടിയ കാസിൽഡ എഡ്യുക്കേഷൻ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.
പോളണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ജോലിസാധ്യതയുണ്ടെന്നും തരപ്പെടുത്തി നൽകാമെന്നും വിശ്വസിപ്പിച്ച് നിയമാനുസൃത ലൈസൻസ് ഇല്ലാതെ സ്ഥാപനം നടത്തി കോടികൾ തട്ടിയെടുത്തെന്ന കേസിൽ തിരുവനന്തപുരം കാഞ്ഞിരംപാറയിൽ താമസിക്കുന്ന തൃശൂർ കൈപ്പമംഗലം പോണത്തുവീട്ടിൽ പ്രജിത് പ്രകാശിന്റെ(29) മുൻകൂർ ജാമ്യാപേക്ഷയാണു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.പി. സെയ്തലവി തള്ളിയത്.
2021 മുതൽ 2024വരെയുള്ള കാലയളവിലാണു കേസിനാസ്പദമായ സംഭവം. 13 ലക്ഷം തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടി ആറു പേർ നൽകിയ പരാതിയിലാണു തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. അറസ്റ്റ് ഒഴിവാക്കാൻ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
പ്രാരംഭ അന്വേഷണത്തിൽ പ്രതികൾ ഇത്തരത്തിൽ വിവിധ സ്റ്റേഷൻ പരിധികളിലായി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തെന്നു വ്യക്തമായി.
വിവിധ സ്റ്റേഷനുകളിലായി മുപ്പത്താറു കേസുകൾ സ്ഥാപനത്തിനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുകോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും, ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും തുടരന്വേഷണം തടസപ്പെടുത്താനും സാധ്യതയുണ്ടെന്നുമുള്ള വാദം അംഗീകരിച്ചാണ് ഉത്തരവ്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽ കുമാർ ഹാജരായി.
സ്ഥാപനത്തിന്റെ തിരുവനന്തപുരം, ബംഗളൂരു, കോട്ടയ്ക്കൽ എന്നീ ബ്രാഞ്ചുകളുകളിൽനിന്നു പ്രതികൾ പണം തട്ടിയിട്ടുണ്ടെന്നു പരാതിക്കാർ പറയുന്നു.