സംസ്ഥാനത്ത് ഇതരസംസ്ഥാന മോഷ്ടാക്കള്‍ പെരുകുന്നു
Thursday, October 10, 2024 1:35 AM IST
കൊച്ചി: തൊഴില്‍ തേടിയെത്തുന്ന ഇതരസംസ്ഥാനക്കാരില്‍ പലരും മോഷണക്കേസുകളില്‍ പ്രതികളാകുന്നത് നിത്യസംഭവമാകുന്നു.
പോലീസിന്റെ കണക്കുകള്‍പ്രകാരം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1378 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഇതരസംസ്ഥാനക്കാര്‍ പ്രതികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ഉത്തരേന്ത്യയില്‍നിന്നു തൊഴില്‍ തേടി കേരളത്തിലെത്തിയവരാണ്. എടിഎം മോഷണം തുടങ്ങി വളര്‍ത്തുമൃഗങ്ങളെ മോഷ്ടിച്ച കേസുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും. 1325 കേസുകളില്‍ പ്രതികളെ പിടികൂടിയപ്പോള്‍ 53 കേസുകളിലെ പ്രതികൾ ഇപ്പോഴും കാണാമറയത്താണ്.
ഓരോ വര്‍ഷവും കേസുകള്‍ വര്‍ധിച്ചുവരുന്നതായാണു കണക്ക്. 2021ല്‍ രജിസ്റ്റർ ചെയ്ത 192 കേസുകളില്‍ 182 എണ്ണത്തിൽ പ്രതികളെ പിടികൂടി. ഇതില്‍ 146 കേസുകളിലാണു മോഷണമുതല്‍ കണ്ടെടുക്കാനായത്. 2022 ആയപ്പോഴേക്കും കേസുകൾ 360 ആയി വര്‍ധിച്ചു.
350 കേസുകളില്‍ പ്രതികളെ പിടികൂടി. 263 കേസുകളില്‍ മോഷണമുതല്‍ കണ്ടെടുത്തു. 2023 ല്‍ 519 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.
499 കേസുകളില്‍ പ്രതികളെ പിടികൂടി. 411 കേസുകളില്‍ മോഷണമുതല്‍ കണ്ടെത്തി. ഈ വര്‍ഷം കഴിഞ്ഞ മാസം വരെ 307 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 294 കേസുകളില്‍ പ്രതികളെ പിടികൂടി. 224 കേസുകളില്‍ മോഷണമുതല്‍ കണ്ടെടുക്കാനായി.