ടി.എസ്. കനാല്‍ പദ്ധതി: സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവ്
Friday, September 13, 2024 1:23 AM IST
കൊച്ചി: വര്‍ക്കല- കോവളം ടി.എസ്. കനാല്‍ പദ്ധതി ഫണ്ടില്ലാത്തതിന്റെ പേരില്‍ ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരേയുള്ള ഹർജിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരടക്കമുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസയയ്ക്കാന്‍ ഉത്തരവായി. കൊല്ലം സ്വദേശി എം.കെ. സലീമാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നൽകിയത്.
15 വര്‍ഷം മുമ്പ് തുടങ്ങിയ കനാല്‍ നവീകരണത്തിന് ഇതിനോടകം 167 കോടിയിലധികം രൂപ ചെലവഴിച്ചെന്നു വിവരാവകാശ രേഖയില്‍ വ്യക്തമാണ്.
തീര്‍ഥാടനകേന്ദ്രങ്ങളും ടൂറിസം കേന്ദ്രങ്ങളുമുള്ള മേഖലയില്‍ ഈ ജലഗതാഗത മാര്‍ഗം ഇല്ലാതായാല്‍ ഒട്ടേറെ പേരുടെ ഉപജീവനത്തെയും ബാധിക്കും. അതിനാല്‍ ടി.എസ്. കനാല്‍ നവീകരണം സമയബന്ധിതമായി തീര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്.