ഓണത്തെ വരവേല്‍ക്കാന്‍ ‘കസവുടുത്ത്’എയര്‍ ഇന്ത്യ എക്സ്പ്രസ്
Thursday, September 12, 2024 5:17 AM IST
കൊച്ചി: മലയാളികളുടെ സാംസ്കാരികപൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം.
എയര്‍ലൈനിന്റെ ഏറ്റവും പുതിയ ബോയിംഗ് 7378 വിമാനത്തിലാണ് മലയാളികളുടെ വസ്ത്രശൈലിയായ കസവ് മാതൃകയില്‍ ടെയില്‍ ആര്‍ട്ട് രൂപകല്പന ചെയ്തിട്ടുള്ളത്.
ഓണം പ്രതീതിയിലാണ് കസവ് വിമാനം ഇന്നലെ കൊച്ചിയില്‍ പറന്നിറങ്ങിയത്. വിമാനത്തെ വരവേല്‍ക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് കാബിന് ക്രൂ ഒഴികെയുള്ള ജീവനക്കാര്‍ എത്തിയത്.
വിമാനത്തിന്റെ ചിറകുകള്‍ക്കടിയിലും ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കു മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു.
കൂടാതെ ബംഗളൂരുവിലേക്കുള്ള ഈ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാള്‍ അണിയിച്ച് സ്വീകരിച്ചതും യാത്രക്കാര്‍ക്ക് നവ്യാനുഭവമായി. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.