വഴിത്തിരിവായത് ഉഡുപ്പിയിലെ സ്വര്‍ണ ഇടപാട്
Wednesday, September 11, 2024 1:46 AM IST
കൊച്ചി: സുഭദ്രയുടെ കൊലപാതകം പുറംലോകം അറിയാന്‍ കാരണമായതു ഉഡുപ്പിയില്‍ നടന്ന സ്വര്‍ണ ഇടപാടിലെ പോലീസ് അന്വേഷണം.
കഴിഞ്ഞമാസം ആറിന് സുഭദ്രയുടെ മകന് രാധാകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസിന് സുഭദ്രയും ശര്‍മിളയും ഒരുമിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ശര്‍മിളയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു കടവന്ത്ര പോലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് ഉഡുപ്പിയിലാണ്.
ശര്‍മിള ഇവിടെ സ്വര്‍ണം വിറ്റു പണം കൈപ്പറ്റിയതായി കണ്ടെത്തിയ പോലീസ് ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഉഡുപ്പിയില്‍ പോയിട്ടില്ലെന്നും ഒന്നും അറിയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഈ മൊബൈല്‍ സ്വച്ച് ഓഫ് ആകുകയും ചെയ്തു. സുഭദ്രയെ കാണാതായതിലും ശര്‍മിളയുടെ പണമിടപാടിലും ഇതോടെ പോലീസിനു സംശയമായി.
പിന്നീട് സുഭദ്രയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഒടുവിലെത്തിയത് ആലപ്പുഴയിലെ കലവൂരിലാണെന്നു കണ്ടെത്തി. കഴിഞ്ഞ മാസം അവസാനത്തോടെ പോലീസ് സുഭദ്രയെത്തിയ വീട്ടിലെത്തിയെങ്കിലും ആരും സ്ഥലത്തുണ്ടായിരുന്നില്ല.
കലവൂരിലെ ഈ വീട്ടിലാണ് സുഭദ്രയ്ക്കൊപ്പം സിസിടിവിയില്‍ ഉണ്ടായിരുന്ന ശര്‍മിളയും ഭര്‍ത്താവ് മാത്യൂസും വാടകയ്ക്കു താമസിച്ചിരുന്നതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ഇതോടെ സുഭദ്രയെ കാണാതായതിലടക്കം ശര്‍മിളയെ സംശയിച്ച് സുഭദ്ര അവസാനമായി എത്തിയ കലവൂര്‍ ഉള്‍പ്പെടുന്ന മണ്ണഞ്ചേരി പോലീസിനു കേസ് കൈമാറുകയായിരുന്നു.
സുഭദ്ര ഇവിടെ എത്തിയിരുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞതോടെയാണു പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചത്. വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നതു കണ്ടതായി നാട്ടുകാരും പറഞ്ഞതോടെ വീടിനു സമീപത്തെ കുഴി പോലീസ് പരിശോധിക്കുകയായിരുന്നു.
സുഭദ്രയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മകന് രാധാകൃഷ്ണന് കടവന്ത്ര പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസിന് നിര്‍ണായക വിവരം ലഭിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നായിരുന്നു.
സുഭദ്ര മറ്റൊരു സ്ത്രീക്കൊപ്പം നടന്നുനീങ്ങുന്ന ദൃശ്യം ലഭിച്ച പോലീസ് ഇത് അയല്‍ക്കാരെ കാണിച്ചു വിവരം ശേഖരിച്ചു. ഇതോടെയാണ് സുഭദ്രയ്ക്കൊപ്പമുള്ളത് ശര്മിളയാണെന്നു പോലീസ് കണ്ടെത്തിയത്.