കുർസി ബചാവോ ബജറ്റ്: ബിനോയ് വിശ്വം
Wednesday, July 24, 2024 2:51 AM IST
തിരുവനന്തപുരം: രാജ്യത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളെ പാടേ മറന്നുള്ള കേന്ദ്രബജറ്റ് കേരളത്തോടു കടുത്ത അവഗണനയാണു കാട്ടിയതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അതിസന്പന്നരോടുള്ള വിധേയത്വം മറന്നുപോകാത്ത മന്ത്രി നിർമലാ സീതാരാമന്റെ പൊതുബജറ്റ് വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നില്ല. ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന ദേശീയ തൊഴിലുറപ്പു പദ്ധതിക്കു വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം അവഗണിച്ചു.
ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു പ്രത്യേക പ്രഖ്യാപനത്തിലൂടെ ആയിരക്കണക്കിനു കോടി രൂപ നീക്കിവച്ചപ്പോൾ സാന്പത്തിക പിന്തുണ അനിവാര്യമായ കേരളത്തെ പാടേ അവഗണിച്ച സമീപനം പ്രതിഷേധാർഹമാണ്. കുർസി ബചാവോ ബജറ്റ് എന്ന പേരുതന്നെയാണ് ഈ ബജറ്റിന് ഇണങ്ങുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.