വയനാട്ടിൽനിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും അഞ്ചു മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി
Friday, September 22, 2023 5:15 AM IST
ഗുരുവായൂർ: വയനാട്ടിൽനിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും അഞ്ചു മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി. വയനാട് എരനെല്ലൂർ സ്വദേശിനിയായ 45കാരി, ഇവരുടെ 12ഉം, 10ഉം, ആറും വയസുള്ള ആൺകുട്ടികൾ, ഒൻപതും നാലും വയസുള്ള പെൺകുട്ടികൾ എന്നിവരെയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാനത്തിന് വരിനിൽക്കുന്നിടത്ത് ടെമ്പിൾ പോലീസ് കണ്ടെത്തിയത്.
18ന് രാവിലെയാണ് ഇവർ വീട്ടിൽനിന്ന് ഇറങ്ങിയത്. പറശിനിക്കടവ്, ബന്ധുവിന്റെ ഫറോക്കിലുള്ള വീട്, വീണ്ടും പറശിനിക്കടവ്, അവിടെനിന്ന് ഷൊർണൂർ, തൃശൂർ വഴി ഇന്നലെ ഗുരുവായൂരിൽ എത്തി.
വയനാട്ടിൽനിന്ന് അമ്മയെയും അഞ്ചു മക്കളെയും കാണാനില്ലെന്ന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. വയനാട് പോലീസ് സ്റ്റേഷനിലും ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ക്ഷേത്രത്തിൽനിന്ന് ഭക്ഷണംനൽകിയശേഷം ഇവരെ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.