നാല് ദിവസം വ്യാപക മഴയ്ക്കു സാധ്യത
Wednesday, September 20, 2023 12:58 AM IST
തിരുവനന്തപുരം: കാലവർഷം സജീവമായ പശ്ചാത്തലത്തിൽ അടുത്ത നാല് ദിവസംകൂടി സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും ഇത് കേരളത്തിൽ മഴയ്ക്കു കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.