നാലു വർഷം ബിരുദ കോഴ്സുകൾ ഈ വർഷം അടിച്ചേൽപ്പിക്കരുത്: വി.ഡി. സതീശൻ
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ഈ അധ്യയന വർഷം മുതൽ നാലു വർഷ ബിരുദ ഓണേഴ്സ് കോഴ്സുകൾ അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
അക്കാദമിക് വിദഗ്ധരുമായോ അധ്യാപക സമൂഹവുമായോ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായോ കൂടിയാലോചനകൾക്കു പോലും തയാറാകാതെ ധൃതി പിടിച്ചുള്ള തീരുമാനം ജനാധിപത്യ വിരുദ്ധവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതുമാണ്.
കരിക്കുലം പരിഷ്ക്കരിച്ചതിന് ശേഷം അടുത്തഅധ്യയന വർഷം മുതൽ നാല് വർഷ ബിരുദ ഓണേഴ്സ് കോഴ്സ് നടപ്പാക്കിയാൽ മതിയെന്ന നിലപാടാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല പ്രതിനിധികളും അധ്യാപക സംഘടനകളും സർക്കാർ വിളിച്ച യോഗത്തിൽ സ്വീകരിച്ചത്. എന്നാൽ ഈ അധ്യയന വർഷം തന്നെ നാലു വർഷ ബിരുദ കോഴ്സ് നടപ്പാക്കുമെന്ന പിടിവാശിയിലാണ് സർക്കാരും ഉന്നതവിദ്യാഭ്യാസ മന്ത്രിയും.
കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് പുതിയ പരിഷ്കരണത്തിലൂടെ പിണറായി സർക്കാരും ചെയ്യുന്നത്. വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങൾ പോലും പുതിയ പരിഷ്കരണം നടപ്പാക്കിയിട്ടില്ലെന്നു സതീശൻ ചൂണ്ടിക്കാട്ടി.