കോഴിക്കോട്ട് കൊല്ലപ്പെട്ട വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തിൽ കണ്ടെത്തി
Saturday, May 27, 2023 1:27 AM IST
മണ്ണാർക്കാട്: കോഴിക്കോട്ടെ ഹോട്ടലിൽ കൊല്ലപ്പെട്ട ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരിവീട്ടിൽ ബീരാന്റെ മകൻ സിദ്ദീഖി (58)ന്റേതെന്നു കരുതുന്ന മൃതദേഹം അട്ടപ്പാടി ചുരത്തിലെ ഒന്‍പതാം വളവിലെ മന്ദംപൊട്ടിയിൽനിന്നു പോലീസ് കണ്ടെത്തി. രണ്ടു ട്രോളി ബാഗുകളിലാക്കിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെര്‍പ്പുളശേരി ചളവറ സ്വദേശികളായ മുഹമ്മദ് ഷിബിലി (22), സുഹൃത്ത് ഖദീജത് ഫര്‍ഹാന (19), വല്ലപ്പുഴ സ്വദേശി ആഷിഖ് (26) എന്നിവരെയാണ് ചെന്നൈയിൽനിന്നു പിടികൂടിയത്.
ഹോട്ടലിലെ മുന്‍ ജീവനക്കാരനായിരുന്ന ഷിബിലിക്ക് സിദ്ദീഖിനോടുണ്ടായിരുന്ന വിരോധമാണു കൊലപാതക കാരണമെന്ന നിഗമനത്തിലാണു പോലീസ്. ഹണിട്രാപ്പ് സാധ്യതയും തള്ളിക്കളയുന്നില്ല. 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഡി കാസ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത പ്രതികള്‍ സിദ്ദീഖിനു മദ്യം നല്‍കിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി കൊലപ്പെടുത്തിയെന്നാണു നിഗമനം. കോഴിക്കോട് കുന്നത്തുപാലത്തെ ഹോട്ടലില്‍ കുറച്ചുകാലം ജോലിചെയ്തിരുന്ന ഷിബിലിയെ ഹോട്ടലില്‍നിന്നു ദിവസങ്ങള്‍ക്കു മുന്‍പു പിരിച്ചുവിട്ടിരുന്നു.
ഷക്കീലയാണ് സിദ്ദീഖിന്റെ ഭാര്യ. മക്കൾ: ഷുഹൈൽ, ഷിയാസ്, ഷാഹിദ്, ഷംല.