വില കത്തിക്കയറും
Friday, March 31, 2023 1:23 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധന നിർദേശങ്ങൾ നാളെ മുതൽ നിലവിൽ വരുന്നതോടെ ജനങ്ങളുടെ നടുവൊടിയും. സർവ മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുന്ന പെട്രോൾ, ഡീസൽ വിലയിൽ ലീറ്ററിന് രണ്ടു രൂപ വീതം വർധിപ്പിക്കുന്ന തീരുമാനമാണ് ഇതിൽ പ്രധാനം. കെട്ടിട നികുതിയിലെ വർധനയും അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയും ഉയരുന്നതോടെ ജനങ്ങൾക്കുള്ള ഭാരം വർധിക്കും. കെട്ടിട നികുതി സമയത്ത് അടയ്ക്കാത്തവർക്കുള്ള പിഴ ഇരട്ടിയാക്കി ഉയർത്തി.
നാളെ മുതൽ പുതുതായി വാങ്ങുന്ന മോട്ടോർ സൈക്കിളുകൾക്കും കാറുകൾക്കും വില ഉയരും. മദ്യത്തിന് 40 രൂപ വരെ വില ഉയരും. ഏതാനും നാളുകൾക്കു മുൻപ് വൈദ്യുതി ചാർജും വെള്ളക്കരവും ഉയർത്തി കുടുംബ ബജറ്റ് താളം തെറ്റിച്ചതിനു പിന്നാലെയാണു കൂടുതൽ അധിക നികുതി ജനങ്ങൾക്കു മേൽ അടിച്ചേൽപിക്കുന്ന നടപടികൾ നാളെ മുതൽ നിലവിൽ വരുന്നത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം ഉയരും
സംസ്ഥാന സർക്കാർ സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതം ഉയരുന്നത്. കേന്ദ്ര സർക്കാർ പലപ്പോഴായി പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചതിനു പിന്നാലെയാണ് ഇതിനെ വാക്കാൽ എതിർത്തിരുന്ന ഇടതുപക്ഷ സർക്കാരും ഇന്ധന സെസ് എന്ന പേരിൽ വർധന പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ വില വർധനയിലൂടെ 750 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ വിൽപന അനുസരിച്ച് 1200- 1400 കോടി രൂപ വരെ അധികമായി ലഭിക്കുമെന്നാണു കരുതുന്നത്.
ഭൂമികൈമാറ്റത്തിനു ചെലവേറും
ഭൂമി കൈമാറ്റത്തിനു വീണ്ടും ചെലവേറും. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ഉയരുന്നത്. ഇതിന് ആനുപാതികമായി മുദ്രപത്ര വിലയും രജിസ്ട്രേഷൻ ഫീസും ഉയരും. 10 ലക്ഷം രൂപയുടെ ഭൂമി കൈമാറ്റം നടക്കുന്പോൾ നാളെ മുതൽ കുറഞ്ഞത് 20,000 രൂപയെങ്കിലും അധികമായി സർക്കാരിലേക്കു നൽകണം. 2010 മുതൽ കണക്കാക്കിയാൽ ഭൂമിയുടെ ന്യായവിലയിൽ 264 ശതമാനത്തിന്റെ വർധനയാണ് ഇതുവരെയുള്ളത്.
കെട്ടിട നികുതിയിൽ അഞ്ചു ശതമാനം വർധന
കെട്ടിട നികുതിയിൽ അഞ്ചു ശതമാനം വർധനയാണ് നിലവിൽ വരിക. അടുത്ത അഞ്ചു വർഷം കൊണ്ട് 25 ശതമാനം വർധന നടപ്പാക്കുകയാണു ലക്ഷ്യം. ഇതോടൊപ്പം അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാർഹിക- ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് എന്നിവയും വർധിപ്പിക്കും.
നിർമാണ സാമഗ്രികളായ പാറയും മണലും ഖനനം ചെയ്യുന്നതിനുള്ള റോയൽറ്റിയും സീനിയറേജും ഉയരുന്നതോടെ നാളെ മുതൽ കെട്ടിട നിർമാണ ചെലവുയരുന്നതും സാധാരണക്കാർക്ക് അധിക ഭാരമാകും.
മദ്യത്തിന് 40 രൂപ വരെ ഉയരും
500 രൂപ മുതലുള്ള മദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ള മദ്യത്തിന് 40 രൂപയും ഉയരും. സാമൂഹിക സുരക്ഷാ സെസ് എന്ന പേരിലാണ് മദ്യത്തിന്റെ വില ഉയർത്തുന്നത്. ഏതാനും മാസം മുൻപ് മദ്യത്തിന് നാലു ശതമാനം അധിക നികുതി ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോഴത്തെ വർധന.
കാറിനും സ്കൂട്ടറിനും രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി
പുതിയ കാറും സ്കൂട്ടറും വാങ്ങുന്നതിനുള്ള തുകയും ഉയരും. മോട്ടോർ വാഹന നികുതിയിൽ രണ്ടു ശതമാനം വരെ വർധനയാണു നാളെ മുതൽ നിലവിൽ വരുന്നത്.
അഞ്ചു ലക്ഷം വരെയുള്ള കാറുകൾക്ക് 10 ശതമാനവും അഞ്ചിനും പത്തു ലക്ഷത്തിനും ഇടയിൽ വിലയുള്ള കാറുകൾക്ക് 13 ശതമാനവും നികുതി ഇനത്തിൽ നൽകണം. രണ്ടു ലക്ഷം രൂപ വരെ വിലവരുന്ന മോട്ടോർ സൈക്കിളുകളുടെ നികുതിയിലും രണ്ടു ശതമാനം നിരക്ക് ഉയരും. ഇതു കൂടാതെ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സമയത്ത് ഈടാക്കുന്ന സെസും വർധിക്കും.
വാണിജ്യ-വ്യവസായം: വൈദ്യുതി നിരക്ക് വർധിക്കും
വാണിജ്യ- വ്യവസായ യൂണിറ്റുകൾക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ചു ശതമാനമായി ഉയരുന്നതോടെ ഈ മേഖലയിലെ വൈദ്യുതി നിരക്കിലും വർധന വരും. ഇതുവഴി 200 കോടിയുടെ അധിക വരുമാനമാണു പ്രതീക്ഷിക്കുന്നത്. ഗാർഹിക ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് നേരത്തേ ഉയർത്തിയിരുന്നു. കൂടാതെ മറ്റൊരു നിരക്കു വർധന ശിപാർശ കെഎസ്ഇബി സമർപ്പിച്ചതു വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്.
അടച്ചിട്ട വീടുകൾക്ക് അധിക നികുതിയില്ല
അടച്ചിട്ട വീടുകൾക്കും ഒന്നിലേറെയുള്ള വീടുകൾക്കും അധിക നികുതി ഈടാക്കുമെന്ന പ്രഖ്യാപനം നാളെ മുതൽ നടപ്പാവില്ലെന്ന ആശ്വാസമാണുള്ളത്.
ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതു പിന്നീട് ഒഴിവാക്കിയിരുന്നു. മാനനഷ്ടം, സിവിൽ നിയമലംഘന കേസുകൾക്കു കോടതിയിൽ കെട്ടിവയ്ക്കേണ്ട തുകയുമായി ബന്ധപ്പെട്ട വർധനയും ഒഴിവാക്കിയിരുന്നു.