രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധം: രമേശ് ചെന്നിത്തല
Sunday, March 26, 2023 1:35 AM IST
കൊച്ചി: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല. ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 103 ല്‍ വ്യക്തമാക്കുന്നുണ്ട്.
അയോഗ്യനാക്കേണ്ട സാഹചര്യമുണ്ടായാല്‍ രാഷ്ട്രപതിയെ അതറിയിക്കുകയും രാഷ്ട്രപതി, തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുകയുമാണു വേണ്ടത്. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ കാര്യത്തില്‍ ഭരണഘടനാ വിരുദ്ധ നടപടിയാണ് കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റും സ്പീക്കറും ചെയ്തിരിക്കുന്നത്.
നടപടിക്രമങ്ങള്‍ പാലിക്കാതെ ശരവേഗത്തില്‍ ഇത്തരത്തില്‍ രാഹുലിനെ അയോഗ്യനാക്കി പ്രഖ്യാപിച്ചത് അദ്ദേഹം നരേന്ദ്രമോദിക്കെതിരേ നിലപാടെടുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ്.
ഇന്ത്യയിലെ പ്രതിപക്ഷങ്ങളെ നിശബ്ദമാക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരേ രംഗത്തുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.