പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ ബഹളമുണ്ടാക്കുന്ന ഭരണകക്ഷിയംഗങ്ങൾക്കു സ്പീക്കറുടെ വിമർശനം
Wednesday, July 6, 2022 1:23 AM IST
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിനിടെ ബഹളമുണ്ടാക്കി തടസപ്പെടുത്താൻ ശ്രമിക്കുന്ന ഭരണകക്ഷിയംഗങ്ങൾക്കു സ്പീക്കറുടെ വിമർശനം.
ആവിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് വിഷയത്തിൽ ചർച്ച നടത്താൻ തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു വാക്കൗട്ട് പ്രസംഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ ഉടൻ ഭരണകക്ഷി അംഗങ്ങൾ ബഹളമുണ്ടാക്കായിതോടെയാണു സ്പീക്കർ എം.ബി. രാജേഷ് വിമർശനമുന്നയിച്ചത്.
പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ തടസപ്പെടുത്താൻ പാടില്ലെന്നു സ്പീക്കർ നിർദേശിച്ചെങ്കിലും ഭരണപക്ഷ ബഹളം തുടർന്നു. പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ സഭ ബഹളത്തിൽ മുങ്ങി.
പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയിൽ സ്ഥിരമായി ബഹളമുണ്ടാക്കാൻ നിയോഗിക്കപ്പെട്ടവരുടെ പേര് സഭയിൽ പ്രഖ്യാപിക്കാമെന്നു പ്രതിപക്ഷത്തെ പി.സി. വിഷ്ണുനാഥ് പറഞ്ഞെങ്കിലും സ്പീക്കർ ബഹളം ശമിപ്പിച്ച ശേഷം പ്രതിപക്ഷ നേതാവിനു പ്രസംഗിക്കാൻ അവസരം ഒരുക്കുകയായിരുന്നു.