സിപിഎമ്മിനു കിളി പോയോ എന്ന് സംശയം: സതീശന്
Monday, June 27, 2022 12:29 AM IST
കൊച്ചി: സിപിഎമ്മിനു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഭീതിയുടെയും വെപ്രാളത്തിന്റെയും അന്തിമഘട്ടമായ കിളി പറക്കുന്ന അവസ്ഥയില്‍ ആ പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം.
വയനാട്ടില്‍ മാര്‍ച്ച് നടത്തുമെന്നു പറയുന്ന സിപിഎം ആരോടാണ് പ്രതിഷേധിക്കുന്നത്? ആകാശത്തേക്കു നോക്കിയാണോ മാര്‍ച്ച്? കറന്‍സി കടത്തിയെന്നും ബിരിയാണിച്ചെമ്പ് കൊണ്ടുവന്നെന്നും പ്രതിപക്ഷ നേതാവിനെതിരേ ആരോപണമില്ല. എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. അതുപോലെയാണ് വയനാട്ടിലെ പ്രതിഷേധവും. മൊത്തത്തില്‍ നോക്കുമ്പോള്‍ സിപിഎമ്മിന് കിളി പോയോയെന്നു സംശയമുണ്ട്.
രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒന്നും ചെയ്യാത്താതു കൊണ്ടാണോ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാര്‍ ചികിത്സാസഹായത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളെല്ലാം മോഷ്ടിച്ചു കൊണ്ടുപോയത്? വയനാട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധി കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശേഷി ബിജെപിക്കില്ല. അതുകൊണ്ട് ആ ക്വട്ടേഷന്‍ സിപിഎം ഏറ്റെടുത്തിരിക്കയാണ്. എന്നാല്‍, അതിനുള്ള ശേഷി സിപിഎമ്മിനില്ലെന്നും സതീശൻ പറഞ്ഞു.