വിമാന യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസ്: ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു
Monday, June 27, 2022 12:27 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത നടപടിക്കെതിരേ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയും ജാമ്യം റദ്ദാക്കിയ നടപടി ശരിവയ്ക്കുകയും ചെയ്തു.
മാറമ്പിള്ളി പള്ളിപ്രം ചെറുവേലിക്കുന്നത്ത് പുത്തൂക്കാടൻ ഇബ്രാഹിം കുട്ടി (ഇബ്രു-44)യുടെ ജാമ്യമാണ് റദ്ദാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ താജു എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഇയാൾക്ക് കോടതി ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.
വ്യവസ്ഥകൾ ലംഘിച്ച് കഴിഞ്ഞ ജനുവരിയിൽ വയനാട് പടിഞ്ഞാറേത്തറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായതിനെത്തുടർന്ന് ഇയാളുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് റിപ്പോർട്ട് സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കോടതി ജാമ്യം റദ്ദാക്കി. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
ജനങ്ങളുടെ സ്വൈര ജീവിതത്തിന് തടസം സൃഷ്ടിച്ചു വന്നിരുന്ന നിരന്തര കുറ്റവാളിയായ ഇബ്രാഹിംകുട്ടി കാപ്പ ചുമത്തപ്പെട്ട് ഇപ്പോൾ വിയ്യൂർ ജയിലിലാണ്.