അക്ഷരപ്രാസങ്ങളുടെ അച്ചൻ ഇനി ‘ഗ്രാൻഡ്മാസ്റ്റർ’
Sunday, October 17, 2021 12:51 AM IST
കണ്ണൂർ: വിശിഷ്ട അംഗീകാരവുമായി വൈദികന്റെ ഗ്രന്ഥം. ചെറുപുഷ്പ സന്ന്യാസ സഭാംഗമായ ഫാ. ജോബി കൊച്ചുപുരയിൽ ആദ്യാക്ഷരപ്രാസം ഉപയോഗിച്ച് രചിച്ച ‘സുകൃതസൂക്തങ്ങൾ’ എന്ന ഗ്രന്ഥമാണ് ദി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ് എന്നീ പുരസ്കാരങ്ങൾ നേടി ശ്രദ്ധേയമായിരിക്കുന്നത്.
ഈ ഗ്രന്ഥത്തിന്റെ പേരിൽ ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ് ഗ്രാൻഡ് മാസ്റ്റർ പദവിയും ഇദ്ദേഹത്തിന് ലഭിച്ചു. മലയാളഭാഷയിലെ നൂതനമായ ഗവേഷണപരതയും വ്യത്യസ്തമായ അവതരണ ശൈലിയും ആദ്യാക്ഷരപ്രാസമുപയോഗിക്കുന്നതിലെ നൈപുണ്യവും ഉൾക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം.
വർഷത്തിൽ 365 ദിവസത്തേക്കുള്ള വിശിഷ്ട ചിന്തകളാണ് സുകൃത സൂക്തങ്ങളിലൂടെ വായനക്കാരിലേക്കെത്തുന്നത്. ഓരോ ചിന്തയിലും ആറു വാചകങ്ങൾ ഉൾപ്പെടുത്തി ആദ്യാക്ഷര പ്രാസത്തിലാണ് ജോബിയച്ചൻ ചിട്ടപ്പെടുത്തുന്നത്.
ചെറുപുഴ നവജ്യോതി കോളജിലെ മുൻ വൈസ്പ്രിൻസിപ്പലായിരുന്ന ഫാ. ജോബി പ്രസംഗങ്ങളിലും സന്ദേശങ്ങളിലും ആശംസാകുറിപ്പുകളിലുമൊക്കെ ആദ്യാക്ഷരപ്രാസ മായാജാലമൊരുക്കി കരഘോഷങ്ങളേറ്റുവാങ്ങിയിരുന്നു. മലയാളവും ഇംഗ്ലീഷും പ്രാസഭംഗിയോടെ ഉപയോഗിക്കുന്ന അച്ചന്റെ ക്ലാസുകൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടുകൂടി ബിരുദാനന്തരബിരുദവും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്ന് എംബിഎയും മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും 2020ലെ ബെസ്റ്റ് പിഎച്ച്ഡി റിസർച്ച് സ്കോളർ അവാർഡും നേടിയ ഫാ. ജോബി ഇപ്പോൾ ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷകനാണ്.
തളിപ്പറമ്പ് ബാലേശുഗിരിയിലെ കൊച്ചുപുരയിൽ ജോസഫ്- ഗ്രേസി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റോബി, അനു, എൽസ.