കേന്ദ്രമന്ത്രി കേരളത്തെ വിമർശിച്ചിട്ടില്ല: മന്ത്രി ശൈലജ
Monday, October 19, 2020 1:36 AM IST
തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വിമർശിച്ചിട്ടില്ലെന്നു മന്ത്രി കെ.കെ.ശൈലജ. ഓണക്കാലത്തെ നിയന്ത്രണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നവരാത്രി ഉത്സവ സമയത്ത് മറ്റു സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പു നൽകുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം ബോധപൂർവം കുറച്ചിട്ടില്ലെന്നും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയാണു ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഏറ്റവും മോശമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് മന്ത്രി ശൈലജ പ്രതികരണവുമായി രംഗത്തെത്തിയത്.