മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
Saturday, June 6, 2020 11:59 PM IST
അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി മച്ചിപ്ലാവ് സ്കൂൾ പടിക്കു സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. മാങ്കുളം വേലിയാംപാറ സ്വദേശി ചേന്നോത്ത് രാജപ്പന്റെ ഭാര്യ കമല(52)യാണ് മരിച്ചത്. ഓട്ടോറിക്ഷയും മിനിലോറിയും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ചേന്നോത്ത് രാജപ്പൻ(56), ഭാര്യ കമല, ഇവരുടെ കൊച്ചുമകൻ ശബരിനാഥ് (ഏഴ്) എന്നിവർക്കും ഡ്രൈവർ ബിനു(23)വിനും ഗുരുതരമായി പരിക്കേറ്റു. ട്രാവലർ ഓടിച്ചിരുന്ന രാജകുമാരി സ്വദേശി ഷാൽബി(26)നും പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രികരെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികത്സ നൽകിയശേഷം വിദഗ്ധ ചികത്സക്കായി കൊണ്ടു പോയി. നില ഗുരുതരമായ കമലയെ യാത്രാമധ്യേ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാങ്കുളത്തെ വീട്ടിലായിരുന്ന മകളുടെ കുട്ടിയെ കോതമംഗലം കുത്തുകുഴിയിലുള്ള മകളുടെ വീട്ടിലാക്കാൻ പോകുന്നതിനിടയിലാണ് രാജപ്പനും കുടുംബവും അപകടത്തിൽപെട്ടത്. മച്ചിപ്ലാവ് സ്കൂൾപടിക്കു സമീപം വാഹനങ്ങൾ പരസ്പരം മറികടന്നുപോകാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. അടിമാലി പോലീസും ഫയർഫോഴ്സും എത്തി തുടർനടപടി സ്വീകരിച്ചു.