പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ
Monday, January 20, 2020 12:04 AM IST
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. നാളെ മുതൽ 26 വരെ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ഭരണഘടന വായന സംഘടിപ്പിക്കും. ഗാന്ധി രക്തസാക്ഷിത്വദിനമായ 30ന് ‘ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാകില്ല’ എന്ന മുദ്രാവാക്യമുയർത്തി മേഖലാ കേന്ദ്രങ്ങളിൽ സെക്യുലർ അസംബ്ലികൾ നടത്തും. യുവജനറാലിയിലും പൊതുസമ്മേളനത്തിലും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നു സംസ്ഥാന സെക്രട്ടറി എ.എ. റഹിം പറഞ്ഞു.
മയക്കു മരുന്നിനെതിരേ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന കാന്പയിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ജില്ലകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാരെ പങ്കെടുപ്പിച്ചു പാലക്കാട് ഏകദിന ശില്പശാല നടത്തും. മന്ത്രി ടി.പി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനംചെയ്യും. പൗരത്വ നിയമ ഭേദഗതിക്കെതിരേ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളൊഴിച്ചു മറ്റു ജനാധിപത്യ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാൻ ഡിവൈഎഫ്ഐ തയാറാണ്. യൂത്ത് കോണ്‍ഗ്രസുമായും ചേർന്നു പ്രവർത്തിക്കുന്നതിൽ യാതൊരു തടസവുമില്ലെന്നും ഇതിനു മുന്‍പും പലഘട്ടങ്ങളിൽ ഒരുമിച്ചു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും റഹിം പറഞ്ഞു. എന്നാൽ, ഇപ്പോൾ സംസ്ഥാനത്ത് യൂത്ത്കോണ്‍ഗ്രസ് ഉണ്ടോയെന്നു സംശയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടേറിയറ്റ് അംഗം പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.