അൻവറിന്റെ ഭാര്യാപിതാവിന്റെ തടയണയിലെ വെള്ളം ഒഴുക്കിത്തുടങ്ങി
Saturday, May 18, 2019 1:50 AM IST
നിലന്പൂർ: നിലന്പൂർ എംഎൽഎയും പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയുമായ പി.വി. അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ടു തുടങ്ങി. കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലുള്ള തടയണയിലെ വെള്ളം ഹൈക്കോടതി നിർദേശ പ്രകാരമാണ് ഒഴുക്കിവിടുന്നത്.
പി.വി. അൻവറിന്റെ വാട്ടർ തീം അമ്യൂസ്മെന്റ് പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്കു വെള്ളം എത്തിച്ചിരുന്നത് ഈ തടയണയിൽനിന്നായിരുന്നു. അൻവറിന്റെ വാട്ടർ തീംപാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്നു മലപ്പുറം കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്നു നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ പ്രളയ കാലത്ത് പാർക്കിനകത്തും പരിസരത്തും ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
പാർക്ക് സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ ദുരന്തനിവാരണ അഥോറിറ്റി തയാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ്.
ലക്ഷക്കണക്കിനു ലിറ്റർ വെള്ളമാണ് ഇവിടെ തടയണ കെട്ടി നിർത്തിയിരിക്കുന്നത്.നേരത്തെ ഹൈക്കോടതി നൽകിയ കാല പരിധിക്കുള്ളിൽ തടയണയിലെ വെള്ളം നീക്കിയിരുന്നില്ല.