അഞ്ഞൂറാന്... ഐപിഎല്‍ സീസണില്‍ 500 റണ്‍സ് ഏറ്റവും കൂടുതല്‍ തവണ നേടുന്ന റിക്കാര്‍ഡില്‍ വിരാട് കോഹ്ലി
Monday, May 5, 2025 2:26 AM IST
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ അഞ്ഞൂറാന് എന്ന പേരു സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്ലി. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ മത്സരത്തില്‍ 33 പന്തില്‍ 62 റണ്‍സ് എടുത്തതോടെ കോഹ്ലി 2025 ഐപിഎല്‍ സീസണില്‍ 500 റണ്‍സ് കടന്നു. 11 ഇന്നിംഗ്സില്‍ 63.12 ശരാശരിയില്‍ 505 റണ്‍സാണ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയത്. സ്ട്രൈക്ക് റേറ്റ് 143.46.
റണ്‍ മെഷീന്
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീസണില്‍ 500+ റണ്‍സ് നേടുന്ന റിക്കാര്‍ഡ് ഇതോടെ കോഹ്ലിക്കു സ്വന്തം. 18-ാം സീസണിലൂടെ കടന്നുപോകുന്ന ഐപിഎല്ലില്‍, ഇതുവരെ എട്ട് സീസണില്‍ കോഹ്ലി അഞ്ഞൂറില്‍ അധികം റണ്‍സ് സ്കോര്‍ ചെയ്തു.
ഏഴു തവണ 500+ സ്കോര്‍ കുറിച്ച ഓസ്ട്രേലിയന്‍ മുന്‍ താരം ഡേവിഡ് വാര്‍ണറിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. നിലവില്‍ ഐപിഎല്‍ കളിക്കുന്നതില്‍ കെ.എല്‍. രാഹുല്‍ മാത്രമാണ് കോഹ്ലിക്കു ഭീഷണിയായുള്ളത്. ഇതുവരെ ആറ് സീസണില്‍ രാഹുല്‍ 500+ റണ്‍സ് ഐപിഎല്ലില്‍ സ്വന്തമാക്കിയിട്ടുണ്ട്. 2025 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഇതുവരെ ഒമ്പതു മത്സരങ്ങള്‍ കളിച്ച കെ.എല്‍. രാഹുല്‍ 371 റണ്‍സ് നേടിയിട്ടുണ്ട്.
കോഹ്ലി ഇതുവരെ
2011 ഐപിഎല്‍ സീസണിലാണ് കോഹ്ലി ആദ്യമായി 500+ റണ്‍സ് നേടുന്നത്. അന്ന് 16 ഇന്നിംഗ്സില്‍നിന്ന് 557 റണ്‍സ് കോഹ്ലിയുടെ ബാറ്റില്‍നിന്നു പിറന്നു. പിന്നീട് 2013ല്‍ 634, 2015ല്‍ 505, 2016ല്‍ 973, 2018ല്‍ 530, 2023ല്‍ 639, 2024ല്‍ 741 എന്നിങ്ങനെ റണ്‍സ് അടിച്ചുകൂട്ടി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ സീസണില്‍ 500+ റണ്‍സ് നേടുന്നതിന്റെ റിക്കാര്‍ഡും കോഹ്ലിക്കു മാത്രം അവകാശപ്പെട്ടത്.
ഡേവിഡ് വാര്‍ണറിന്റെ ഏഴ് 500+ റണ്‍സ് സീസണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും വേണ്ടിയായിരുന്നു. കെ.എല്‍. രാഹുലിന്റേതാകട്ടെ കിംഗ്സ് ഇലവന് പഞ്ചാബിനും ലക്നോ സൂപ്പര്‍ ജയന്റ്സിനും വേണ്ടിയും.