സൂപ്പര്‍ ഗോവ
Sunday, May 4, 2025 12:20 AM IST
ഭുവനേശ്വര്‍: എഫ്സി ഗോവ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ 2025 എഡിഷന് ചാമ്പ്യന്മാര്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ അരങ്ങേറിയ കിരീട പോരാട്ടത്തില്‍ എഫ്സി ഗോവ 3-0ന് ജംഷഡ്പുര്‍ എഫ്സിയെ തകര്‍ത്തു. ഇതോടെ 2025-26 സീസണ് എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ടിന്റെ പ്രാഥമിക റൗണ്ട് യോഗ്യതയും എഫ്സി ഗോവയ്ക്കു ലഭിച്ചു.
ഇന്ത്യയുടെ ദേശീയ പരിശീലകന് മാനോലോ മാര്‍ക്വെസിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ എഫ്സി ഗോവയ്ക്കുവേണ്ടി ബോര്‍ജ ഹെരേര ഇരട്ട ഗോള്‍ സ്വന്തമാക്കി. 23, 51 മിനിറ്റുകളിലാണ് ബോര്‍ജ ഹെരേര ജംഷഡ്പുര്‍ എഫ്സിയുടെ വല കുലുക്കിയത്. 72-ാം മിനിറ്റില്‍ ഡീജന്‍ ഡ്രാസിക്കിന്റെ വകയായിരുന്നു എഫ്സി ഗോവയുടെ മൂന്നാം ഗോള്‍.
എഫ്സി ഗോവയുടെ മുഖ്യപരിശീലകന്‍ എന്ന നിലയില്‍ മാര്‍ക്വെസിന്റെ അവസാന മത്സരമായിരുന്നു. ഗോവയുടെ പരിശീലകന് എന്ന നിലയില്‍ കന്നിക്കിരീടത്തോടെ പടിയിറങ്ങാനും ഇതോടെ മാര്ക്വെസിനായി.
സൂപ്പര്‍ കപ്പ് ട്രോഫിയില്‍ എഫ്സി ഗോവ ചുംബിക്കുന്നത് ഇതു രണ്ടാം തവണയാണ്. രണ്ടു തവണ സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്ന ആദ്യ ടീമാണ് ഗോവ.