അന്റോനെല്ലി എഫ് വണ്ണിലെ കൗമാരവിസ്മയം
Sunday, May 4, 2025 12:20 AM IST
മയാമി: ഫോര്‍മുല വണ്‍ കാറോട്ട ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പോള്സിറ്റര് എന്ന നേട്ടം സ്വന്തമാക്കി മെഴ്സിഡസിന്റെ ഇറ്റാലിയന്‍ കൗമാര താരം കിമി അന്റോനെല്ലി.
പതിനെട്ടുകാരനായ അന്റോനെല്ലി മയാമി എഫ് വണ്‍ സ്പ്രിന്റ് ക്വാളിഫയിംഗില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത് പോള്‍പൊസിഷന്‍ സ്വന്തമാക്കി. എഫ് വണ്ണിന്റെ എല്ലാ ഫോര്‍മാറ്റിലുമായി പോള്‍പൊസിഷനില്‍ എത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കിമി അന്റോനെല്ലി.
കരിയറിലെ ആറാം ഗ്രാന്‍പ്രീ ആഴ്ചയ്ക്കൊരുങ്ങുന്ന ഈ ഇറ്റാലിയന്‍ കൗമാരതാരം ഒരു മിനിറ്റ് 26.482 സെക്കന്‍ഡില്‍ ഒരു ലാപ്പ് ഫിനിഷ് ചെയ്ത് മികച്ച സമയവും കുറിച്ചു.
ഇന്ത്യന്‍ സമയം തിങ്കള്‍ പുലര്‍ച്ചെ 1.30നാണ് മയാമി ഗ്രാന്‍പ്രീ. 2025 സീസണിലെ ആറാം എഫ് വണ്‍ പോരാട്ടമാണിത്. ഓസ്കര് പിയാസ്ട്രി (99 പോയിന്റ്), ലാന്‍ഡോ നോറിസ് (89), മാക്സ് വെര്സ്റ്റപ്പന് (87) എന്നിവരാണ് ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍. 38 പോയിന്റുമായി കിമി അന്റോനെല്ലി ആറാം സ്ഥാനത്താണ്.