ഇനി ബോക്സിംഗ്
Saturday, December 21, 2024 1:24 AM IST
മെൽബണ്‍: ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള യാത്രയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇരുടീമും തമ്മിൽ നടക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി ടൂർണമെന്റിന്റെ ഫലമനുസരിച്ചായിരിക്കും ഇവരുടെ ഫൈനൽ പ്രവേശം. ഓസ്ട്രേലിയയ്ക്ക് ഈ പരന്പരയ്ക്കുശേഷം ശ്രീലങ്കയ്ക്കെതിരേ രണ്ടു മത്സരങ്ങളുണ്ട്. ലോക ചാന്പ്യൻഷിപ്പ് ഫൈനലിനു മുന്‍പ് ഇന്ത്യക്കു മറ്റൊരു പരന്പരയില്ല.
ഇന്ത്യ x ഓസ്ട്രേലിയ നാലാം ടെസ്റ്റ് ഡിസംബർ 26നു മെൽബണിൽ നടക്കും. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റാണിത്. ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെ പരന്പര നിലവിൽ 1-1ൽ ടൈ കെട്ടിനിൽക്കുകയാണ്. ബോക്സിംഗ് ഡേ ടെസ്റ്റിൽ ജയിച്ച് 2-1നു ലീഡ് സ്വന്തമാക്കാനാണ് രോഹിത് ശർമ നയിക്കുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം. ആർ. അശ്വിന്റെ വിരമിക്കിലിനുശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റാണ് ബോക്സിംഗ് ഡേ.
രോഹിത്, ഗിൽ ഫോം
ക്യാപ്റ്റൻ രോഹിത് ശർമ, മൂന്നാം നന്പർ ബാറ്റർ ശുഭ്മാൻ ഗിൽ എന്നിവർ സ്കോർബോർഡിലേക്കു കൂടുതൽ സംഭാവന നൽകിയില്ലെങ്കിൽ ഇന്ത്യയുടെ നില പരുങ്ങലിലാകും. ഈ പരന്പരയിൽ ഇതുവരെ ക്ലിക്ക് ആകാത്ത സ്പെഷലിസ്റ്റ് ബാറ്റർമാരാണ് ഇവർ. യശസ്വി ജയ്സ്വാളും വിരാട് കോഹ്ലിയും പെർത്ത് ടെസ്റ്റിലും കെ.എൽ. രാഹുൽ പെർത്തിലും ബ്രിസ്ബെയ്നിലും മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.
ഏഷ്യക്കു പുറത്തുള്ള ശുഭ്മാൻ ഗില്ലിന്റെ ഫോമില്ലായ്മ ഓസ്ട്രേലിയൻ പര്യടനത്തിലും തുടരുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏഷ്യക്കു പുറത്ത് ശുഭ്മാൻ ഗില്ലിന്റെ ടോപ് സ്കോർ 36 ആണെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ഇക്കാലയളവിൽ ഏഷ്യക്കു പുറത്തെ 16 ഇന്നിംഗ്സിൽനിന്ന് ഗിൽ നേടിയത് വെറും 267 റണ്‍സും.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലായി കളിച്ചതിൽ ഗില്ലിന്റെ ശരാശരി 17.80 മാത്രവും. എത്രമികച്ച തുടക്കം ലഭിച്ചാലും വേഗത്തിൽ പുറത്താകുക, അല്ലെങ്കിൽ വിക്കറ്റ് നഷ്ടപ്പെടുത്തുക എന്നതാണ് ഏഷ്യക്കു പുറത്ത് ഗില്ലിന്റെ ദുഃശീലം.
ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലേക്കു നയിക്കാൻ രോഹിത് ശർമയ്ക്കു സാധിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റിൽ രോഹിത് ഇല്ലായിരുന്നു. രണ്ടും മൂന്നും ടെസ്റ്റിൽ മധ്യനിരയിലേക്ക് ഇറങ്ങിയെങ്കിലും രോഹിത്തിന്റെ സ്കോർ 3, 3, 6, 10 എന്നതാണ്.
നാല് ഇന്നിംഗ്സിലായി നേടിയത് വെറും 22 റണ്‍സ് മാത്രം. ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തിലാണ് മിക്കപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. എന്നാൽ, പരിമിത ഓവർ ക്രിക്കറ്റിൽ അസാധ്യ ഷോട്ട് രോഹിത് പായിക്കുന്നതും ഇതേ പൊസിഷനിലാണ്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ ധർമശാല ടെസ്റ്റിലാണ് രോഹിത് ശർമ അവസാനമായി ടെസ്റ്റ് സെഞ്ചുറി നേടിയത്.
ബോക്സിംഗ് ഡേ ചരിത്രം
ഡിസംബർ 26നു നടത്തപ്പെടുന്ന മത്സരങ്ങളാണ് ബോക്സിംഗ് ഡേ പോരാട്ടമായി കണക്കാക്കപ്പെടുന്നത്. ഓസ്ട്രേലിയ അടക്കമുള്ള മിക്ക വിദേശ രാജ്യങ്ങളിലും ഈദിനം പൊതുഅവധി ദിവസമാണ്. പാരന്പര്യമായി ബോക്സിംഗ് ഡേ മെൽബണിലെ എംസിജി മൈതാനത്താണ് നടത്തുന്നത്.
ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് രാജ്യങ്ങളിലും ഈ പാരന്പര്യം പിൻചെന്ന് ബോക്സിംഗ് ഡേ ക്രിക്കറ്റ് പോരാട്ടങ്ങൾ നടത്താറുണ്ട്. മെൽബണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് ഒരു ലക്ഷം ആരാധകർ ഗാലറിയിൽ എത്താറുള്ളതാണ്.
ബോക്സിംഗ് ഡേ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്കു മിശ്രഫലമാണ്. ഇന്ത്യയും ഓസ്ട്രേലിയയും 14 ബോക്സിംഗ് ഡേ ടെസ്റ്റ് കളിച്ചിട്ടുണ്ട്. അതിൽ ഇന്ത്യ നാലു ജയവും രണ്ടു സമനിലയും സ്വന്തമാക്കി. എട്ട് എണ്ണത്തിൽ പരാജയപ്പെട്ടു.
2020ൽ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയിൽ എട്ടു വിക്കറ്റിനു ജയിച്ചതാണ് ബോക്സിംഗ് ഡേയിൽ ഇന്ത്യയുടെ ഏറ്റവും ആവേശസ്മരണ.