ജൂണിയര്‍ അത്ലറ്റിക്സ് : എറണാകുളം കുതിക്കുന്നു
Friday, October 11, 2024 12:45 AM IST
തേഞ്ഞിപ്പലം: 68-ാമത് സംസ്ഥാന ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കട്ട് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ട്രാക്കുണര്‍ന്നപ്പോള്‍ എറണാകുളത്തിന്റെ കുതിപ്പ്.
ചാമ്പ്യന്‍ഷിപ് തുടങ്ങിയ ഇന്നലെ അഞ്ച് ഇനങ്ങളില്‍ ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു സ്വര്‍ണം, മൂന്നു വെള്ളി എന്നിവ നേടി 32 പോയിന്റോടെയാണ് എറണാകുളം മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാട് രണ്ടാം സ്ഥാനത്താണ്. ഒരു സ്വര്‍ണവും മൂന്നു വെങ്കലവും നേടി 25 പോയിന്റോടെയാണ് പാലക്കാട് രണ്ടാം സ്ഥാനത്തുള്ളത്. 14 പോയിന്റുമായി കോട്ടയം മൂന്നാമതുണ്ട്.
അണ്ടര്‍ 20 പുരുഷ 10,000 മീറ്ററിൽ പാലക്കാടിന്റെ കെ.കെ. അജയ് സ്വർണം സ്വന്തമാക്കി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ എറണാകുളത്തിന്റെ ദേവിക ബെന്നിനാണ് സ്വർണം. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ആലപ്പുഴയുടെ ആഷ്ലി ത്രേസ്യയും ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍ഗോഡിന്റെ കെ.സി. സര്‍വാനും സ്വർണത്തിലെത്തി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ലോംഗ്ജംപില് എറണാകുളത്തിന്റെ ജാനിസ് ട്രീസ റെജി സ്വർണത്തിൽ മുത്തംവച്ചു.