ട്രിപ്പിൾ ബ്രൂക്ക്
Friday, October 11, 2024 12:45 AM IST
മുൾട്ടാൻ: പാക്കിസ്ഥാനെതിരേയുള്ള ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് ജയത്തിലേക്ക്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 267 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാൻ ആറു വിക്കറ്റിന് 152 റണ്‍സ് എന്ന നിലയിലാണ്. നാലു വിക്കറ്റുകൾ ശേഷിക്കേ 115 റണ്‍സ് പിന്നിലാണ്. സൽമാൻ അഗ (41), ആമർ ജമാൽ (27) എന്നിവരാണ് ക്രീസിൽ. ഗസ് അറ്റ്കിൻസും ബ്രയ്ഡൻ കാഴ്സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 823 റണ്‍സ് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. പാക്കിസ്ഥാനെതിരേ ഒരു ടീം ഒരു ഇന്നിംഗ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറുമാണ്. ഇംഗ്ലണ്ട് മൂന്നു തവണ 800നു മുകളിൽ സ്കോർ ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 556 റണ്‍സിനു പുറത്തായി. ഹാരി ബ്രൂക്കിന്റെ ട്രിപ്പിൾ സെഞ്ചുറിയും (322 പന്തിൽ 317), ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിയുമാണ് (375 പന്തിൽ 262) ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ 454 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ബ്രൂക്കിന് ട്രിപ്പിൾ സെഞ്ചുറിയിലെത്താൻ 310 പന്തുകളാണ് വേണ്ടിവന്നത്.
ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചുറിയാണ്. 278 പന്തുകളിൽ ട്രിപ്പിൾ തികച്ച വീരേന്ദർ സെവാഗിന്റെ പേരിലാണ് റിക്കാർഡ്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ പിറക്കുന്ന ആറാമത്തെ ട്രിപ്പിൾ സെഞ്ചുറിയാണ്. 1990ൽ ലോഡ്സിൽവച്ച് ഇന്ത്യക്കെതിരേ ഗ്രഹാം ഗൂച്ച് ട്രിപ്പിൾ നേടിയശേഷം ആദ്യമാണ് ഒരു ഇംഗ്ലീഷ് താരം ട്രിപ്പിളിലെത്തുന്നത്.