ബംഗ്ലാദേശിനെ 86 റണ്‍സിനു കീഴടക്കി ഇന്ത്യ പരമ്പര നേടി
Thursday, October 10, 2024 1:34 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീമിനു മിന്നും ജയം. 86 റണ്‍സിനു വെന്നിക്കൊടി പാറിച്ച ഇന്ത്യ, മൂന്നു മത്സര പരമ്പര 2-0ന്റെ ലീഡ് നേടി ഉറപ്പാക്കി. ഇതോടെ സൂര്യകുമാര്‍ യാദവ്-ഗൗതം ഗംഭീര്‍ സഖ്യം തുടര്‍ച്ചയായ രണ്ടാം ട്വന്റി-20 പരമ്പര നേട്ടം കുറിച്ചു. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 221/9. ബംഗ്ലാദേശ് 20 ഓവറില്‍ 135/9.
കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ബംഗ്ലാദേശിനുവേണ്ടി മുഹമ്മദുള്ള (39 പന്തില്‍ 41) മാത്രമാണ് പോരാടിയത്. ഇന്ത്യക്കുവേണ്ടി നിതീഷ് കുമാര്‍ റെഡ്ഡിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റ് കൈയിലെടുത്തപ്പോള്‍ നിതീഷ് അര്‍ധസെഞ്ചുറിയും നേടിയിരുന്നു.
മാഡ് നിതീഷ്
ഇരുപത്തൊന്നുകാരനായ നിതീഷ് കുമാർ റെഡ്ഡിയുടെ ‘മാഡ് മാക്സ് ’ സ്റ്റൈൽ ആക്രമണമായിരുന്നു ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ 12 പന്തിൽ 13 റണ്‍സ് മാത്രവുമായി ശാന്തനായിരുന്ന നിതീഷ് കുമാർ, ഗിയർ മാറിയതോടെ ബംഗ്ലാദേശ് ബൗളർമാർ വലഞ്ഞു.
അവസാന 15 പന്തിൽ 37 റണ്‍സാണ് നിതീഷ് അടിച്ചുകൂട്ടിയത്. നേരിട്ട 27-ാം പന്തിൽ അർധസെഞ്ചുറി തികച്ച നിതീഷ്, 34 പന്തിൽ ഏഴു സിക്സും നാലു ഫോറും അടക്കം 74 റണ്‍സ് എടുത്തശേഷമാണ് പവലിയനിലേക്കു തിരികെ നടന്നത്.
217.64 ആയിരുന്നു രണ്ടാമത്തെ മാത്രം രാജ്യാന്തര ട്വന്റി-20 കളിക്കുന്ന നിതീഷിന്റെ സ്ട്രൈക്ക് റേറ്റ്. മുഖ്യപരിശീലകൻ ഗൗതം ഗംഭീർ അടക്കമുള്ള ഇന്ത്യ ക്യാന്പ് അംഗങ്ങൾ എഴുന്നേറ്റുനിന്ന് കൈ അടിച്ചാണ് നിതീഷിനെ പവലിയനിലേക്കു തിരികെ സ്വീകരിച്ചതെന്നതും ശ്രദ്ധേയം.
സഞ്ജു സാംസണ് (10), അഭിഷേക് ശർമ (15), സൂര്യകുമാർ യാദവ് (8) എന്നിവർ പുറത്തായതിനുശേഷം ക്രീസിൽ ഒന്നിച്ച നിതീഷും റിങ്കു സിംഗുമാണ് ഇന്ത്യയെ മിന്നും സ്കോറിലെത്തിക്കാനുള്ള അടിത്തറ പാകിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 108 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. വെറും 49 പന്തിലായിരുന്നു ഇത്.
റിങ്കു, ഹാർദിക്
നിതീഷ് കുമാറിനുശേഷം റിങ്കു സിംഗിന്റെ വെടിക്കെട്ടായിരുന്നു. നേരിട്ട 26-ാം പന്തിൽ റിങ്കു സിംഗ് അർധസെഞ്ചുറി പൂർത്തിയാക്കി. 29 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറും അടക്കം 53 റണ്‍സ് റിങ്കുവിന്റെ ബാറ്റിൽനിന്നു പിറന്നു. ഹാർദിക് പാണ്ഡ്യയും ഒട്ടും മോശമാക്കിയില്ല.
19 പന്തിൽ രണ്ടു വീതം സിക്സും ഫോറുമായി 32 റണ്‍സ് അടിച്ചെടുത്തശേഷമാണ് ഹാർദിക് മടങ്ങിയത്. ആറു പന്തിൽ 15 റണ്‍സ് നേടിയ റിയാൻ പരാഗ് സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി.