ലോകകപ്പിൽ ഇന്ത്യക്കു രണ്ടാം ജയം
Thursday, October 10, 2024 1:34 AM IST
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കു രണ്ടാം ജയം. ഗ്രൂപ്പ് എയിൽ ഇന്ത്യ 82 റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു. ഇതോടെ ഗ്രൂപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.
സ്കോർ: ഇന്ത്യ 20 ഓവറിൽ 172/3. ശ്രീലങ്ക 19.5 ഓവറിൽ 90. ഇന്ത്യക്കു വേണ്ടി മലയാളി താരം ആശ ശോഭന 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് പ്ലെയർ ഓഫ് ദ മാച്ച്.
ലോകകപ്പിൽ 500
ട്വന്റി-20 വനിതാ ലോകകപ്പിൽ 500 റണ്‍സ് എന്ന നേട്ടത്തിൽ ഇന്ത്യൻ സൂപ്പർ താരം സ്മൃതി മന്ദാന. ശ്രീലങ്കയ്ക്കെതിരായ അർധസെഞ്ചുറിക്കിടെയാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്. 38 പന്തിൽ ഒരു സിക്സും നാലു ഫോറും അടക്കം 50 റണ്‍സ് സ്മൃതി സ്വന്തമാക്കി. 131.58 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. രാജ്യാന്തര ട്വന്റി-20യിൽ സ്മൃതിയുടെ 27-ാം അർധസെഞ്ചുറിയാണ്.
ഓപ്പണിംഗ് വിക്കറ്റിൽ സ്മൃതിയും ഷെഫാലി വർമയും ചേർന്നു 12.4 ഓവറിൽ 98 റണ്‍സ് നേടി. സ്മൃതി റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ടു പിരിഞ്ഞത്. 40 പന്തിൽ നാലു ഫോറിന്റെ സഹായത്തോടെ ഷെഫാലി 43 റണ്‍സ് നേടി.
സ്മൃതി പുറത്തായതിന്റെ തൊട്ടടുത്ത പന്തിൽ ഷെഫാലിയും മടങ്ങി. ചമാരി അട്ടപ്പട്ടുവിനായിരുന്നു വിക്കറ്റ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ കടന്നാക്രമണംകൂടി ആയതോടെ ഇന്ത്യ മികച്ച സ്കോറിലെത്തി. 27 പന്തിൽ ഒരു സിക്സും എട്ടു ഫോറും അടക്കം ഹർമൻപ്രീത് കൗർ 52 റൺസുമായി പുറത്താകാതെ നിന്നു.
ആഫ്രിക്കൻ ജയം
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 80 റൺസിനു സ്കോട്ലൻഡിനെ കീഴടക്കി. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയമാണ്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗിനിറങ്ങി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. തുടർന്നു സ്കോട്ലൻഡിനെ 17.5 ഓവറിൽ 86 റൺസിനു പുറത്താക്കി. 24 പന്തിൽ 43 റൺസ് നേടിയ ദക്ഷിണാഫ്രിക്കയെ മരിസാനെ കാപ്പാണ് പ്ലെയർ ഓഫ് ദ മാച്ച്.