ഇന്ത്യൻ ചരിതം
Thursday, October 10, 2024 1:34 AM IST
അസ്താന (കസാഖ്സ്ഥാൻ): 27-ാമത് ഏഷ്യൻ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ ടീം. ഐഹിക മുഖർജി, മണിക ബത്ര, ശ്രീജ അകുല, സുതീർഥ മുഖർജി എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ വനിത ടീം.
1972 മുതൽ ടൂർണമെന്റ് ഏഷ്യൻ ടേബിൾ ടെന്നീസ് യൂണിയൻ നടത്താൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യയുടെ വനിതകൾ മെഡൽ നേടുന്നത്. പുരുഷ ടീം രണ്ടു തവണ (2021, 2023) വെങ്കലം നേടിയിട്ടുണ്ട്.
1952ൽ 1970 വരെ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഏഷ്യയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് നടന്നത്. അക്കാലത്ത് ഇന്ത്യ ടീം ഇനത്തിൽ മൂന്നു മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. പുരുഷ ടീം 1957, 1960 വർഷങ്ങളിൽ വെള്ളിയും വനിതാ ടീം 1960 വെങ്കലവും നേടി.
അസ്താനയിൽ നടന്ന ടൂർണമെന്റിന്റെ സെമി ഫൈനലിൽ ജപ്പാൻ 3-1ന് ഇന്ത്യയെ പരാജയപ്പെടുത്തി. മറ്റൊരു സെമിയിൽ ചൈന 3-0ന് ഹോങ്കോംഗിനെയും. സെമിയിൽ പരാജയപ്പെടുന്ന രണ്ടു ടീമുകൾക്കും വെങ്കല മെഡൽ ലഭിക്കുകയും ചെയ്തു.
സെമിയുടെ ആദ്യ സിംഗിൾസിൽ മിവ ഹാരിമോട്ടോ 3-2ന് ഐഹിക മുഖർജിയെ തോൽപ്പിച്ചു. അടുത്ത സിംഗിൾസിൽ മണിക ബത്ര 3-0ന് സാറ്റ്സുകി ഒഡോയെ പരാജയപ്പെടുത്തി ഒപ്പത്തിലെത്തിച്ചു. അടുത്ത സിംഗിൾസിൽ മിമ ഇട്ടോ 3-0ന് സുതീർഥ മുഖർജിയെയും ഹാരിമോട്ടോ 3-1ന് ബത്രയെയും തോല്പിച്ചതോടെ ജപ്പാൻ ഫൈനലിലേക്ക്.
ആവേശകരമായ പോരാട്ടം നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യ 3-2നാണ് ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്.