റൂട്ട് തെറ്റാതെ...
Thursday, October 10, 2024 1:34 AM IST
മുൾട്ടാൻ: പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ മിന്നും സെഞ്ചുറി. 176 റണ്‍സുമായി പുറത്താകാതെ നിൽക്കുന്ന ജോ റൂട്ടിന്റെയും 141 റണ്‍സുമായി ക്രീസിൽ തുടരുന്ന ഹാരി ബ്രൂക്കിന്റെയും മികവിൽ മൂന്നാംദിനം അവസാനിക്കുന്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 492 റണ്‍സ് എടുത്തു.
നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 243 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ടുണ്ടാക്കി. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 556ൽ അവസാനിച്ചിരുന്നു.
ഇംഗ്ലീഷ് ഇതിഹാസം
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരം എന്ന റിക്കാർഡ് ജോ റൂട്ട് സ്വന്തമാക്കി. അലിസ്റ്റർ കുക്കിന്റെ പേരിലുണ്ടായിരുന്ന 12,472 റണ്‍സ് എന്ന റിക്കാർഡ് ഇന്നലെ റൂട്ട് മറികടന്നു.
വ്യക്തിഗത സ്കോർ 71ൽ എത്തിയപ്പോഴായിരുന്നു റൂട്ട് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്. ഇന്നലെ പിറന്നത് റൂട്ടിന്റെ 35-ാം ടെസ്റ്റ് സെഞ്ചുറിയാണ്. ലോകത്തിൽ ടെസ്റ്റ് റണ്‍ വേട്ടയിൽ സച്ചിൻ തെണ്ടുൽക്കർ (15,921), റിക്കി പോണ്ടിംഗ് (13,378), ജാക് കാലിസ് (13,289), രാഹുൽ ദ്രാവിഡ് (13,288) എന്നിവർ മാത്രമാണ് റൂട്ടിനു മുന്നിൽ ഇനിയുള്ളത്.