ഓസീസിനു രണ്ടാം ജയം
Wednesday, October 9, 2024 12:41 AM IST
ഷാർജ: ഐസിസി ട്വന്റി-20 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്കു മിന്നും ജയം. ന്യൂസിലൻഡിനെ 60 റൺസിന് ഓസ്ട്രേലിയ കീഴടക്കി. രണ്ടാം ജയത്തോടെ സെമി ഫൈനലിലേക്ക് ഓസ്ട്രേലിയ ഒരുപടി കൂടി അടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 148/8 എന്ന സ്കോർ പടുത്തുയർത്തി. 19.2 ഓവറിൽ ന്യൂസിലൻഡ് 88 റൺസിനു പുറത്ത്. അമേലിയ കേർ (29) ആണ് കിവീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ അലീസ ഹീലിയും ബേത് മൂണിയും ചേർന്ന് 5.2 ഓവറിൽ 41 റണ്‍സ് അടിച്ചെടുത്തശേഷമാണു പിരിഞ്ഞത്. 20 പന്തിൽ 26 റണ്‍സ് നേടിയ ഹീലിയാണ് ആദ്യം പുറത്തായത്.
മൂണിയും എൽസി പെറിയും ചേർന്നു രണ്ടാം വിക്കറ്റിൽ 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മൂണി 32 പന്തിൽ 40ഉം പെറി 24 പന്തിൽ 30ഉം റണ്‍സ് നേടി. ന്യൂസിലൻഡിനുവേണ്ടി അമേലിയ കേർ നാല് ഓവറിൽ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.