ഇന്ത്യയുടെ എക്കാലത്തെയും വേഗമേറിയ ബൗളർമാരുടെ പട്ടികയിൽ മായങ്ക് യാദവ്
Tuesday, October 8, 2024 1:13 AM IST
അതിവേഗ ബൗളർമാർക്കു വളക്കൂറുള്ള മണ്ണല്ല ഇന്ത്യയുടേതെന്നായിരുന്നു പൊതുവായ നിഗമനം. അതുകൊണ്ടുതന്നെ സ്പിൻ അനുകൂല പിച്ചുകളും ഇതിഹാസ സ്പിന്നർമാരും ഇന്ത്യയിലുണ്ടായി. എന്നാൽ, അതെല്ലാം പാണന്റെ കഥകളാക്കി 21-ാം നൂറ്റാണ്ടിൽ ചില മിന്നൽപ്പിണർ ബൗളർമാർ ഇന്ത്യക്കുണ്ടായി.
ആ പട്ടികയിലേക്കുള്ള അവസാന പേരുചേർക്കലായിരുന്നു ഞായറാഴ്ച ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിൽ മായങ്ക് യാദവ് എന്ന ഇരുപത്തിരണ്ടുകാരൻ നടത്തിയത്. വരുംനാളുകളിൽ ഇന്ത്യകണ്ട എക്കാലത്തെയും വേഗമേറിയ പന്തുകളായിരിക്കും മായങ്കിൽനിന്നു വരുകയെന്നുറപ്പാണ്.
അതോടെ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ സൂപ്പർ ഫാസ്റ്റ് എന്ന വിശേഷണം മായങ്ക് സ്വന്തമാക്കും. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ബൗളർ ഉമ്രാൻ മാലിക്കാണ്. 2022 ഐപിഎല്ലിൽ 157 കിലോമീറ്റർ വേഗം. എന്നാൽ, വേഗതയ്ക്കൊപ്പം കൃത്യതയുമുൾപ്പെടുന്നതാണ് മായങ്കിന്റെ പ്ലസ് പോയിന്റ്.
ഐപിഎല്ലിലെ മിന്നൽപ്പിണർ
2024 ഐപിഎൽ സീസണിലൂടെയാണ് മയാങ്ക് യാദവ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ദക്ഷിണാഫ്രിക്കയുടെ ആൻറിച്ച് നോർക്കിയ അടക്കമുള്ള പന്തേറുകാരെ പിന്തള്ളി 2024 ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പേസറായി മായങ്ക് യാദവ് മാറിയിരുന്നു.
156.7 കിലോമീറ്ററായിരുന്നു 2024 ഐപിഎല്ലിൽ മായങ്കിന്റെ ഏറ്റവും വേഗമേറിയ പന്ത്. 2024 ഐപിഎല്ലിൽ ഏറ്റവും വേഗമേറിയ 10 പന്തുകളുടെയും ഉടമയും ഈ യുവതാരമായിരുന്നു. ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനുവേണ്ടി ഇറങ്ങിയ മായങ്കിനെ പരിക്കു പിടികൂടി. അതോടെ സീസണ് പൂർത്തിയാക്കാനാവാതെ താരം ചികിത്സയിലേക്കു തിരിഞ്ഞു.
150 കിലോമീറ്റർ വേഗത്തിനു മുകളിലായിരുന്നു പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കെതിരേ മായങ്ക് പന്തെറിഞ്ഞത്. ജോണി ബെയർസ്റ്റോ, ഗ്ലെൻ മാക്സ്വെൽ, കാമറൂണ്‍ ഗ്രീൻ അടക്കമുള്ള ഏഴു വിക്കറ്റും വീഴ്ത്തി. 2025 ഐപിൽ മെഗാ താരലേലത്തിൽ മായങ്ക് യാദവിനുവേണ്ടി ടീമുകൾ ശക്തമായി രംഗത്ത് എത്തുമെന്നും കരുതപ്പെടുന്നു.
പരിക്കിനുശേഷം 149.9 കിലോമീറ്റർ
പരിക്കിനെത്തുടർന്ന് ഐപിഎല്ലിനിടെ ചികിത്സയിലേക്കു തിരിഞ്ഞ മായങ്ക് യാദവ്, ക്രിക്കറ്റ് പിച്ചിലേക്കു നേരേ തിരിച്ചെത്തിയ പോരാട്ടമായിരുന്നു ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മാസങ്ങൾനീണ്ട പരിചരണങ്ങൾക്കുശേഷം മൈതാനത്തു തിരിച്ചെത്തിയ മായങ്ക് യാദവ് ബംഗ്ലാദേശിനെതിരേ കുറിച്ച ഏറ്റവും കൂടിയ വേഗം 149.9 കിലോമീറ്ററായിരുന്നു. പരിക്കിനുശേഷം കരുതലോടെയുള്ള ബൗളിംഗായിരുന്നു യുവപേസർ അരങ്ങേറ്റ മത്സരത്തിൽ കാഴ്ചവച്ചത്. ബംഗ്ലാദേശിനെതിരേ മായങ്ക് എറിഞ്ഞ ആദ്യ പന്ത് 142 കിലോമീറ്ററിലായിരുന്നു. രണ്ടാം പന്ത് 146ഉം.
ആദ്യ ഓവർ മെയ്ഡനാക്കിയാണ് മായങ്ക് അവസാനിപ്പിച്ചത്. എറിഞ്ഞ എട്ടാം പന്തിൽ വിക്കറ്റും വീഴ്ത്തി. 2-1-3-1 എന്നതായിരുന്നു മായങ്കിന്റെ ആദ്യ സെപെൽ. മൂന്നാം ഓവറിൽ 15 റണ്‍സ് വഴങ്ങി. എന്നാൽ, അവസാന ഓവറിൽ മൂന്നു റണ്‍സ് മാത്രമേ നൽകിയുള്ളൂ. അതോടെ 4-1-21-1 എന്നതായിരുന്നു രാജ്യാന്തര അരങ്ങേറ്റത്തിൽ മായങ്കിന്റെ ബൗളിംഗ് ഫിഗർ.
ഇന്ത്യക്കുവേണ്ടി രാജ്യാന്തര ട്വന്റി-20 അരങ്ങേറ്റത്തിൽ മെയ്ഡൻ ഓവർ എറിഞ്ഞ മൂന്നാമതു ബൗളറാണ് മായങ്ക് യാദവ്. അജിത് അഗാർക്കർ, അർഷദീപ് സിംഗ് എന്നിവർമാത്രമാണ് അരങ്ങേറ്റത്തിൽ മെയ്ഡൻ എറിഞ്ഞ മറ്റു രണ്ട് ഇന്ത്യൻ പേസർമാർ.
ഇന്ത്യയുടെ വേഗക്കാർ
ബൗളർ, വേഗം കിലോമീറ്ററിൽ
ഉമ്രാൻ മാലിക്ക് 157
മായങ്ക് യാദവ് 156.7
ജവഗൽ ശ്രീനാഥ് 154.5
ഇർഫാൻ പഠാൻ 153.7
മുഹമ്മദ് ഷമി 153.3
ജസ്പ്രീത് ബുംറ 153.26
നവദീപ് സൈനി 152.85
ഇഷാന്ത് ശർമ 152.6
വരുണ്‍ ആരോണ്‍ 152.5
ഉമേഷ് യാദവ് 152.2